X

സികെ ജാനു ഇടതു മുന്നണിയിലേക്ക്; സിപിഐയുമായി ചര്‍ച്ച നടത്തി

സിപിഐ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് തീരുമാനമെടുത്ത് അറിയിക്കാമെന്ന ധാരണയിലാണ് തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ച അവസാനിച്ചത്

വാഗ്ദാനം ചെയ്ത കേന്ദ്ര പദവികളടക്കമുള്ളവ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് എന്‍ഡിഎയുമായി തെറ്റിയ സി കെ ജാനു ഇടതുമുന്നണിയോട് അടുക്കുന്നു. ഇതിന്റെ മുന്നോടിയായി അവര്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി.

എല്‍ഡിഎഫിനോട് സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യത ആരായണമെന്ന കാനത്തിന്റെ നിര്‍ദ്ദേശം അവര്‍ അംഗീകരിച്ചാതായാണ് അറിയുന്നത്. സിപിഐ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് തീരുമാനമെടുത്ത് അറിയിക്കാമെന്ന ധാരണയിലാണ് തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ച അവസാനിച്ചത്. വാഗ്ദാനം ചെയ്ത കേന്ദ്രപദവികളടക്കം നിഷേധിച്ചതാണ് ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭയെ(ജെആര്‍എസ്) പ്രകോപിപ്പിച്ചത്. കഴിഞ്ഞ മാസം ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എന്‍ഡിഎയ്‌ക്കൊപ്പമില്ലെന്ന് പ്രഖ്യാപിച്ച് അവര്‍ മുന്നണി വിടുകയും ചെയ്തു. മറ്റ് മുന്നണികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സാധ്യതകള്‍ തേടുമെന്ന് അന്ന് തന്നെ അവര്‍ വ്യക്തമാക്കുകയും ചെയ്തതാണ്. ഈ സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് സിപിഐ മുന്‍കൈയെടുത്തത്.

സിപിഎമ്മുമായി ജാനുവിന് നല്ല ബന്ധമല്ല ഉള്ളത്. പുതിയ നീക്കത്തെക്കുറിച്ച് സിപിഐ സിപിഎം നേതൃത്വത്തെയും അറിയിച്ചു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവായി വളര്‍ന്നുവന്ന ജാനു തുടക്കത്തില്‍ ഇടതുപക്ഷവുമായി ബന്ധപ്പെട്ടാണ് നിന്നിരുന്നത്. മുത്തങ്ങ സമരത്തിന് ശേഷം ഈ ബന്ധം തകര്‍ന്നു. 2006, 2011 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ജാനുവിന്റെ ആദിവാസി ഗോത്ര മഹാസഭ യുഡിഎഫിനെയാണ് പിന്തുണച്ചത്.

ഇതിന്റെ പേരില്‍ പിണറായി വിജയന്‍ ജാനുവിനെതിരെ തിരിയുകയും വിഎസ് കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇരുമുന്നണികളുമായും തെറ്റിയതോടെയാണ് 2016ല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് ജാനു എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നത്. ആദിവാസി ഗോത്ര മഹാസഭ ഇതോടെ പിളര്‍ന്നു. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ദലിത്-പിന്നാക്ക പിന്തുണ വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി ശ്രമം ആരംഭിച്ചിട്ടുണ്ട്. ജാനുവിന്റെ കാര്യത്തില്‍ മുന്നണി വീണ്ടു വിചാരം നടത്തിയത് ഇങ്ങനെയാണ്.

മുത്തങ്ങയെ മറന്നോ? രാഷ്ട്രീയ ‘നേട്ടങ്ങള്‍’ തേടിപ്പോകുന്ന ജാനുവിനോടാണ് ചോദിക്കുന്നത്

ചതിയുടെ മുറിവുമായി സി കെ ജാനുവെന്ന ‘വിപ്ലവ നക്ഷത്രം’

ശബരിമലയില്‍ ആദിവാസികള്‍ ആചരിക്കുന്ന തേനഭിഷേകം നിര്‍ത്തിയതെന്തിന്? സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സി കെ ജാനു

‘നീതിയില്ലെങ്കില്‍ നീ തീയാവുക’ എന്നതില്‍ സവര്‍ണ സ്ത്രീ ഇരട്ടത്താപ്പിന്റെ കേരള മാതൃകകള്‍

 

This post was last modified on November 12, 2018 10:03 am