X

കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പ്പന: പത്തനംതിട്ടയില്‍ മൂന്ന് ഷാപ്പുകള്‍ പൂട്ടാന്‍ നിര്‍ദ്ദേശം

കനാബിനോയ്ഡ് എന്ന മയക്കുമരുന്നിന്റെ സാന്നിധ്യമായിരുന്നു ഈ ഷാപ്പുകളിലെ കള്ളില്‍ കണ്ടെത്തിയത്

കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ മൂന്ന് ഷാപ്പുകള്‍ അടച്ച് പൂട്ടാന്‍ എക്‌സൈസ് വകുപ്പ് നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ട റെയ്ഞ്ചിലെ ടി എസ് 16 പരിയാരം, ടി എസ് 12 തറയില്‍മുക്ക്, കോന്നി റെയ്ഞ്ചിലെ ടി എസ് 7 പൂങ്കാവ് എന്നീ ഷാപ്പുകള്‍ പൂട്ടാനാണ് നിര്‍ദ്ദേശം.

ഈ ഷാപ്പുകളില്‍ നിന്നുള്ള കള്ളിന്റെ സാമ്പിളുകള്‍ തിരുവനന്തപുരം ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയിലേക്ക് രാസ പരിശോധനയ്ക്കായി അയച്ചിരുന്നു. ഈ പരിശോധനയിലാണ് കള്ളില്‍ കഞ്ചാവ് കലര്‍ത്തിയതായി കണ്ടെത്തിയത്. കനാബിനോയ്ഡ് എന്ന മയക്കുമരുന്നിന്റെ സാന്നിധ്യമായിരുന്നു ഈ ഷാപ്പുകളിലെ കള്ളില്‍ കണ്ടെത്തിയത്. ഇതില്‍ കഞ്ചാവ് ഓയിലിന്റെ അംശം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലയിലെ മറ്റ് കള്ളു ഷാപ്പുകളിലും പരിശോധന നടന്നു വരികയാണ്.

ഷാപ്പ് ഉടമകളായ കുമ്പഴ ആലുനില്‍ക്കുന്നതില്‍ കുഞ്ഞുമോന്‍, കോഴഞ്ചേരി മെഴുവേലി അജിഭവനില്‍ എ ജെ അജി, പീരുമേട് കൊക്കയാര്‍ കാക്കനാട് വീട്ടില്‍ റെജി ജോര്‍ജ്ജ്, മാനേജര്‍മാരായ ഇലന്തൂര്‍ കിഴക്കേതില്‍ അനിലാല്‍, കൊല്ലം തൃക്കടവൂര്‍ ഇടവിനാട്ട് ചന്ദ്രന്‍, കോന്നി മങ്ങാരം വെളിയത്ത് മേലേതില്‍ രാജുക്കുട്ടന്‍ എന്നിവര്‍ക്കെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു. കഴിഞ്ഞ മാര്‍ച്ചില്‍ കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് അടൂര്‍ റെയ്ഞ്ചിലെ അഞ്ച് ഷാപ്പുകളാണ് എക്‌സൈസ് പൂട്ടിച്ചത്.

Related Post
Leave a Comment