X

കഴിഞ്ഞയാഴ്ചയും വീട്ടില്‍ മന്ത്രവാദം നടന്നെന്ന് ചന്ദ്രന്‍; മന്ത്രവാദിയെയും അറസ്റ്റ് ചെയ്യാന്‍ നീക്കം

തന്റെ അമ്മ കൃഷ്ണമ്മയും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും ചന്ദ്രന്‍ മൊഴി നല്‍കി

നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയും മകളും ആത്മഹത്യ ചെയ്തതില്‍ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കഴിഞ്ഞയാഴ്ചയും വീട്ടില്‍ മന്ത്രവാദം നടന്നെന്ന് ഗൃഹനാഥനായ ചന്ദ്രന്‍ കുറ്റസമ്മതം നടത്തി. ആത്മഹത്യ ചെയ്ത ലേഖയുടെ കുറിപ്പിലെ വിവരങ്ങള്‍ ശരിവയ്ക്കുന്നതാണ് ചന്ദ്രന്റെ മൊഴി.

തന്റെ അമ്മ കൃഷ്ണമ്മയും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും ചന്ദ്രന്‍ മൊഴി നല്‍കി. കടബാധ്യതയെ ചൊല്ലിയും വീട് വില്‍പ്പനയെ ചൊല്ലിയുമായിരുന്നു വഴക്ക്. കടം വീട്ടാനായി മന്ത്രവാദം നടത്തുന്നതിന് ലേഖ എതിരായിരുന്നു. കഴിഞ്ഞയാഴ്ച നടന്ന മന്ത്രവാദത്തെയും ലേഖ എതിര്‍ത്തു. വസ്തു വില്‍പ്പന നടക്കാത്തതിന് പിന്നില്‍ മന്ത്രവാദവും കൃഷ്ണമ്മയുടെയും ബന്ധുക്കളുടെയും എതിര്‍പ്പുമാണെന്നാണ് പോലീസിന്റെ സംശയം. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ചന്ദ്രനെയും കൃഷ്ണമ്മയെയും ശാന്തയെയും കാശിയെയും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്.

ഇതിനിടെ ലേഖയുടെ കത്തില്‍ പരാമര്‍ശിക്കുന്ന മന്ത്രവാദിയെ പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു. സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവയാണ് ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും ആത്മഹത്യയ്ക്ക് കാരണമെന്ന് വിശദമാക്കുന്ന വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് ഇന്നലെ പോലീസ് കണ്ടെടുത്തിരുന്നു. കുറിപ്പിന് പുറമെ മരണത്തിന് ഉത്തരവാദി ഇവര്‍ നാല് പേരുമാണെന്ന് എഴുതിവച്ചിരുന്നു.

ജപ്തി നടപടികളുണ്ടായിട്ടും ഭര്‍ത്താവ് ഒന്നും ചെയ്തില്ലെന്നും ജപ്തി നോട്ടീസ് വീടിനടുത്തുള്ള ആല്‍ത്തറയില്‍ കൊണ്ടുവച്ച് പൂജിക്കുകയായിരുന്നെന്നും കത്തില്‍ പറയുന്നു. സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചുവെന്നും കുറിപ്പില്‍ ആരോപിക്കുന്നു. സ്ത്രീധനത്തിന്റെ പേരിലും പീഡിപ്പിക്കപ്പെട്ടു. കൃഷ്ണമ്മ വിഷം തന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. നാട്ടുകാരോട് തന്നെയും മകളെയും കുറിച്ച് അപവാദ പ്രചരണം നടത്തിയെന്നും കുറിപ്പില്‍ വിശദമാക്കുന്നു. മന്ത്രവാദി പറഞ്ഞതു കേട്ട് ചന്ദ്രന്‍ തന്നെ മര്‍ദ്ദിക്കുമായിരുന്നെന്നും ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

read more:വായ്പ തീർക്കാൻ വിഷു ബംബര്‍ പൂജയ്ക്ക് വെച്ച് ചന്ദ്രനും കൃഷ്ണമ്മയും, ലേഖ എതിര്‍ത്തു; ജപ്തി ഭീഷണിയും മന്ത്രവാദവും നെയ്യാറ്റിന്‍കരയില്‍ രണ്ടു ജീവനെടുത്തത് ഇങ്ങനെയാണ്

This post was last modified on May 16, 2019 12:29 pm