X

എന്‍ഡോസള്‍ഫാന്‍ സമര നേതാവിന് സമരപ്പന്തലിന് മുന്നില്‍ വാഹനാപകടം; കുട്ടികളെ ഉപയോഗിച്ചുള്ള സമരം ശരിയല്ലെന്ന് ആരോഗ്യമന്ത്രി

സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ച് ഇന്ന് പുലര്‍ച്ചെ കുഞ്ഞികൃഷ്ണനെ ഒരു ഓട്ടോ വന്നിടിക്കുകയായിരുന്നു

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരത്തിനെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരരീതി ശരിയല്ലെന്ന് പറഞ്ഞ അവര്‍ സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും അറിയിച്ചു.

ഇതിനിടെ സെക്രട്ടേറിയറ്റിന് മുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം നാലാം ദിവസം പിന്നിട്ടു.അര്‍ഹരെ പട്ടികയില്‍പ്പെടുത്തുന്നത് തീരുമാനമാകാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സമരസമതി. അതേസമയം കഴിഞ്ഞദിവസം എന്‍ഡോസള്‍ഫാന്‍ പീഡിത ജനതാ മുന്നണിയുടെ സെക്രട്ടറി കുഞ്ഞികൃഷ്ണന്‍ അമ്പലത്തറയ്ക്കുണ്ടായ വാഹനാപകടത്തിന്റെ ആശങ്കയിലാണ് സമരപ്പന്തല്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ച് ഇന്ന് പുലര്‍ച്ചെ കുഞ്ഞികൃഷ്ണനെ ഒരു ഓട്ടോ വന്നിടിക്കുകയായിരുന്നു. മൂക്കിനും ശരീരത്തിലും പരിക്കേറ്റ ഇദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഇന്നലത്തെ ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ശക്തമാക്കാന്‍ തന്നെയാണ് സമരസമിതിയുടെ തീരുമാനം. നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിലേക്ക് സങ്കടയാത്ര നടത്തും. അര്‍ഹരായ മുഴുവന്‍ പേരെയും ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. എന്‍ഡോസള്‍ഫാന്‍ ബാധിതരായ ഒമ്പത് കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് സമരം നടത്തുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അമ്മമാര്‍ സമരത്തിനെത്തുമെന്നാണ് സമരസമിതി പറയുന്നത്.

This post was last modified on February 3, 2019 9:15 am