X

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് സര്‍വകലാശാല ഉത്തരക്കടലാസ് തന്നെയെന്ന് കണ്ടെത്തല്‍

യൂണിവേഴ്‌സിറ്റി കോളേജില്‍ വിതരണം ചെയ്ത ഉത്തരക്കടലാസുകളാണ് ഇതെന്നും പരീക്ഷ കണ്‍ട്രോളര്‍ കണ്ടെത്തിയിട്ടുണ്ട്

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസില്‍ അറസ്റ്റിലായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് സര്‍വകലാശാല ഉത്തരക്കടലാസ് തന്നെയാണെന്ന് കണ്ടെത്തി. പരീക്ഷാ കണ്‍ട്രോളര്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.

യൂണിവേഴ്‌സിറ്റി കോളേജില്‍ വിതരണം ചെയ്ത ഉത്തരക്കടലാസുകളാണ് ഇതെന്നും പരീക്ഷ കണ്‍ട്രോളര്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റിന് കൈമാറി. ഇതുസംബന്ധിച്ച് സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി കോളേജില്‍ അഖില്‍ എന്ന വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് ഓഫീസില്‍ നിന്നും പരീക്ഷാ പേപ്പറുകള്‍ കണ്ടെത്തിയത്. ഇതോടൊപ്പം ഒരു അധ്യാപകന്റെ സീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തി.

കഴിഞ്ഞ ദിവസം അഖില്‍ പോലീസിന് നല്‍കിയ മൊഴിയില്‍ ശിവരഞ്ജിത്ത് ആണ് തന്നെ കുത്തിയതെന്ന് വ്യക്തമാക്കിയിരുന്നു. ഇയാളുടെ ഹൃദയത്തിന്റെ വലത്തേ അറയില്‍ രണ്ട് മീറ്റര്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. ഒന്നര ലിറ്ററോളം രക്തം നഷ്ടപ്പെട്ട നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നില്ലെങ്കില്‍ അഖിലിന്റെ മരണം സംഭവിക്കുമായിരുന്നെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വധശ്രമം, പരീക്ഷാ ക്രമക്കേട്, വ്യാജ സീല്‍ നിര്‍മ്മാണം എന്നിവയാണ് ശിവരഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

read more:ശരവണഭവന്‍ രാജഗോപാല്‍: ഒരു പലചരക്ക് കടക്കാരന്‍ ദോശ ചുട്ട കഥ