X

അമല പോളിന് പിന്നാലെ ഫഹദ് ഫാസിലും കുരുക്കില്‍: 14 ലക്ഷം രൂപ നികുതി വെട്ടിച്ചെന്ന് കണ്ടെത്തല്‍

ഫഹദ് വ്യാജമേല്‍വിലാസം ഉപയോഗിച്ച് പുതുച്ചേരിയില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി

ആഡംബര കാറുകള്‍ വ്യാജമേല്‍വിലാസം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ തെന്നിന്ത്യന്‍ താരം അമല പോളിന് പിന്നാലെ ഫഹദ് ഫാസിലും കുരുക്കില്‍. ഫഹദ് വ്യാജമേല്‍വിലാസം ഉപയോഗിച്ച് പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതായി മാതൃഭൂമി ന്യൂസ് ആണ് അന്വേഷണത്തിലൂടെ കണ്ടെത്തിയത്.

ആഡംബരക്കാറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കേരളത്തില്‍ 14 ലക്ഷം രൂപ നികുതി നല്‍കേണ്ടപ്പോള്‍ പുതുച്ചേരിയില്‍ ഒന്നര ലക്ഷം രൂപ മാത്രം നല്‍കിയാല്‍ മതി. എന്നാല്‍ പുതുച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേകരില്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നാണ് നിയമം. ഈ ചട്ടമാണ് വ്യാജമേല്‍വിലാസം ഉപയോഗിച്ച് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് വഴി താരങ്ങള്‍ ദുരുപയോഗം ചെയ്തിരിക്കുന്നത്.

ഫഹദ് ഉപയോഗിക്കുന്ന ഇ ക്ലാസ് ബെന്‍സ് പുതുച്ചേരി മേല്‍വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ചാനല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഫഹദ് ഫാസില്‍, നമ്പര്‍ 16, സെക്കന്‍ഡ് ക്രോസ്സ് റോഡ്, പുതുപ്പേട്ട്, ലാസ്‌പേട്ട്, പുതുച്ചേരി എന്ന മേല്‍വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇത് ഒരു വീടിന് മുകളിലത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന്റെ മേല്‍വിലാസമാണ്. ഫഹദ് ഫാസില്‍ എന്നൊരാളെ തങ്ങള്‍ക്ക് അറിയുകയേ ഇല്ലെന്നാണ് ഇവിടെ താമസിക്കുന്നവര്‍ പറയുന്നത്.

ഇതിനിടെ അമല പോള്‍ വ്യാജ മേല്‍വിലാസം നല്‍കി കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. അമല പോളിനോട് വിശദീകരണം തേടി അധികൃതര്‍ നോട്ടീസ് അയച്ചു.

This post was last modified on October 30, 2017 4:14 pm