X

‘എന്നെ പോലെ വാക്ക് പാലിക്കൂ, അല്ലങ്കില്‍ ജനങ്ങള്‍ നിങ്ങളെ തള്ളിപ്പറയും’: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയുടെ ഉപദേശം പ്രധാനമന്ത്രിയോടെന്ന് പ്രതിപക്ഷം

തനിക്കും പാര്‍ട്ടി നേതൃത്വത്തിനുമിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസും ചില മാധ്യമങ്ങളും ശ്രമിക്കുന്നതെന്ന് പിന്നീട് ഗഡ്ക്കരി

ഏറെ നാളായി ബിജെപി നേതൃത്വത്തിന് പരോക്ഷമായ സന്ദേശങ്ങള്‍ നല്‍കി ജനശ്രദ്ധ നേടുകയാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. റിപ്പബ്ലിക് ദിനത്തിന് അദ്ദേഹം മാധ്യമങ്ങളോട് നടത്തിയ പ്രതികരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടാണെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസും അസാവുദ്ദീന്‍ ഒവൈസിയും പറയുന്നത്.

‘രാഷ്ട്രീയ നേതാക്കള്‍ക്ക് മാറുന്ന സ്വപ്‌നങ്ങളാണ് പ്രിയം. അവര്‍ അത് പാലിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ ജനറങ്ങള്‍ അവരെ കൈവിടും. അതുകൊണ്ട് നടപ്പാക്കാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രം നല്‍കുക. താന്‍ സ്വപ്‌നങ്ങളില്‍ നിന്നും തെന്നിമാറുന്ന ആളല്ലെന്നും ഗഡ്ക്കരി കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക്ക് ദിന ചടങ്ങിന് ഇടയില്‍ ഗഡ്ക്കരി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സമീപം ഇരിക്കുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

‘സൂക്ഷ്മമായി ഗഡ്ക്കരി താങ്കള്‍ക്ക് കണ്ണാടി കാണിച്ചു തന്നിരിക്കുന്നു’ എന്നാണ് ഒവൈസി പ്രധാനമന്ത്രിയോട് ട്വീറ്റിലൂടെ ഇതേക്കുറിച്ച് പറഞ്ഞത്. ‘കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒരു ആക്രമണം നടത്തിയിരിക്കുന്നു. ജനങ്ങള്‍ വരികയാണ് മോദിജീ..’ എന്നാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ട്വീറ്റ് ചെയ്തത്. ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലുമേറ്റ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘പരാജയങ്ങള്‍ നേരിടാനുള്ള ഒരു പ്രവണത ബിജെപി നേതൃത്തിന് കൈവന്നിരിക്കുന്നു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് വരെ നേതൃത്വത്തിന്റെ വിശ്വാസ്യത തെളിയിക്കപ്പെടില്ല എന്നാണ് ഗഡ്ക്കരി പ്രതികരിച്ചത്. അതേസമയം തനിക്കും പാര്‍ട്ടി നേതൃത്വത്തിനുമിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസും ചില മാധ്യമങ്ങളും ശ്രമിക്കുന്നതെന്ന് പിന്നീട് ഗഡ്ക്കരി പ്രതികരിക്കുകയും ചെയ്തു.

തന്റെ പ്രസ്താവനകള്‍ വളച്ചൊടിക്കുന്ന പ്രവണത ചില പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും മാധ്യമങ്ങള്‍ക്കിടയിലും കുറച്ചു ദിവസമായി കണ്ടുവരുന്നെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. നരേന്ദ്ര മോദിക്ക് പകരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ഗഡ്ക്കരി വ്യക്തമാക്കി.

This post was last modified on January 28, 2019 12:33 pm