X

രജനികാന്ത് കാവി രാഷ്ട്രീയത്തിലേക്ക് പോകില്ലെന്ന് കമല്‍ ഹാസന്‍

തന്റെ സമകാലികരില്‍ നിന്നും വ്യത്യസ്തമായ സിനിമകളാണ് തന്റേതെന്നും രാഷ്ട്രീയത്തിലും ഈ വ്യത്യസ്തതയുണ്ടാകുമെന്നുമാണ് കമല്‍ പറയുന്നത്

രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ ഉലകനായകന്‍ കമല്‍ ഹാസന്‍ തന്റെ രാഷ്ട്രീയ പ്രതീക്ഷകള്‍ വ്യക്തമാക്കി. അഴിമതി രഹിത തമിഴ്‌നാടാണ് തന്റെ ലക്ഷ്യമെന്നും തന്റെ സമകാലികനായ രജനീകാന്തുമായി സഖ്യമുണ്ടാക്കി മുന്നോട്ട് പോകാനാകുമെന്നാണ് പ്രതീക്ഷയെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം രജനി കാവി രാഷ്ട്രീയത്തിലേക്ക് പോകില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 31ന് രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഇരു നടന്മാരും നേരിടുന്ന ചോദ്യം തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമോയെന്നതാണ്. അതേസമയം ഭാവിയിലെ സഖ്യത്തെക്കുറിച്ച് യാതൊരു സാധ്യതയും വെളിപ്പെടുത്താതെ ‘എന്റെ രാഷ്ട്രീയം ചുവപ്പല്ല, രജനിയുടേത് കാവിയല്ലെന്നും ഞാന്‍ വിശ്വസിക്കുന്നു’ എന്നാണ് കമല്‍ പറഞ്ഞത്. തമിഴ്‌നാട്ടിലെ ഇ പളനിസാമി സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടിയാണ് കമല്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. രജനിയുമായുള്ള രാഷ്ട്രീയ പങ്കാളിത്തം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതൊരു സിനിമയിലേക്ക് നടന്മാരെ തെരഞ്ഞെടുക്കുന്നത് പോലെയല്ലെന്നും കമല്‍ പറയുന്നു. തങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തത്തെ കുറിച്ച് കാലം പറയുമെന്ന് മാത്രമാണ് രജനി പ്രതികരിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ ഒരു ശുദ്ധമായ രാഷ്ട്രീയമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് പറയുന്ന കമല്‍ തന്റെ സമകാലികരില്‍ നിന്നും വ്യത്യസ്തമായ സിനിമകളാണ് തന്റേതെന്നും രാഷ്ട്രീയത്തിലും ഈ വ്യത്യസ്തതയുണ്ടാകുമെന്നുമാണ് പറയുന്നത്.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സംസാര സ്വാതന്ത്ര്യത്തെക്കുറിച്ച് നടത്തിയ പ്രസംഗത്തിലാണ് കമലിന്റെ പരാമര്‍ശങ്ങള്‍. സംസാര സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 21ന് രാമേശ്വരത്ത് നിന്നും ആരംഭിക്കുന്ന സംസ്ഥാന വ്യാപകമായ രാഷ്ട്രീയ യാത്രയ്ക്ക് മുന്നോടിയായി കമല്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാളെ നമ്മുടേത് എന്ന അര്‍ത്ഥം വരുന്ന നാലൈ നമധെ എന്നാണ് യാത്രയുടെ പേര്.