X

ഹര്‍ത്താല്‍ അക്രമാസക്തം: പുലര്‍ച്ചെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു

ബൈക്കിലെത്തിയ ആളുകളാണ് അക്രമണം നടത്തിയതെന്ന് പോലീസ്

സംസ്ഥാനത്ത് ബിജെപി ഇന്ന് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനിടെ അക്രമം. പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകള്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു. പുലര്‍ച്ചെ 3.30നായിരുന്നു അക്രമം.

ബൈക്കിലെത്തിയ ആളുകളാണ് അക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് ബിജെപി സമരപ്പന്തലിന് മുന്നില്‍ വച്ച് മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ ജീവനൊടുക്കിയതാണ് ഹര്‍ത്താലിന് കാരണം. അയ്യപ്പഭക്തന്മാരോടുള്ള അവഗണനയാണ് വേണുഗോപാലന്‍ നായരുടെ മരണത്തില്‍ കലാശിച്ചതെന്നാണ് ബിജെപിയുടെ ആരോപണം.

അയ്യപ്പഭക്തന്മാരെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലില്‍ അക്രമം കാണിച്ചാല്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബഹ്ര നിര്‍ദ്ദേശം നല്‍കി. കടകള്‍ അടപ്പിക്കാനും വഴിതടയാനും അനുവദിക്കരുത്. സര്‍ക്കാര്‍ ഓഫീസുകളും കോടതികളും പ്രവര്‍ത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ എന്നിവയ്ക്ക് സുരക്ഷയൊരുക്കണമെന്നും ശബരിമല വാഹനങ്ങള്‍ക്കും പ്രത്യേക സുരക്ഷ വേണമെന്നും എഡിജിപി, ഐജി എന്നിവരോട് നിര്‍ദ്ദേശിച്ചു.

ബിജെപി ഹര്‍ത്താല്‍; സാമാന്യ ജനജീവിതം ബുദ്ധിമുട്ടിലാക്കുന്നവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ഡിജിപി

വേണുഗോപാലൻ നായര്‍ ആത്മഹത്യ ചെയ്തത് ജീവിതം മടുത്തതിനാലെന്ന് മരണമൊഴി; ഹർത്താലാഹ്വാനം നടത്തിയ ബിജെപി വെട്ടിലായി