X

ഒന്നര മാസം നീണ്ട കെഎസ്ആര്‍ടിസി എംപാനല്‍ സമരം ഒത്തുതീര്‍പ്പായി

അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരെ ലീവ് വേക്കന്‍സിയില്‍ നിയമിക്കും

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരെ കെഎസ്ആര്‍ടിസിയില്‍ ലീവ് വേക്കന്‍സിയില്‍ നിയമിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിക്കുന്നത്. സമരക്കാര്‍ ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തിയാണ് തീരുമാനം. ഇതോടെ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയിരുന്ന സമരം അവസാനിപ്പിക്കുകയും ചെയ്തു.

ഒന്നരമാസത്തിലധികമായി നീണ്ടുനിന്ന സമരമാണ് ഇന്ന് അവസാനിച്ചത്. 1300ഓളം ജീവനക്കാരാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ അവധിയിലുള്ളത്. സ്ഥിരജീവനക്കാരില്‍ എണ്ണൂറോളം പേര്‍ അവധിയിലുണ്ട്. അപകടത്തില്‍പ്പെട്ട് നാനൂറോളം പേരും അവധിയിലാണ്. പുതുതായി ജോലിയില്‍ പ്രവേശിച്ച നൂറ് കണ്ടക്ടര്‍മാര്‍ ദീര്‍ഘകാല അവധിയെടുത്തു. ഇത് കൂടാതെ സ്ഥിരം ജീവനക്കാര്‍ അവധിയില്‍ പ്രവേശിക്കുന്ന പതിവുമുണ്ട്. അവരുടെ ഒഴിവിലേക്ക് ജീവനക്കാരെ നിയമിക്കാനാണ് തീരുമാനമായത്.

ലീവ് വേക്കന്‍സിയിലേക്ക് എംപാനല്‍ തയ്യാറാക്കാന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ കെഎസ്ആര്‍ടിസിക്ക് നിര്‍ദ്ദേശം നല്‍കി. സ്ഥിരംജീവനക്കാര്‍ അവധിയെടുക്കുന്ന ദിവസങ്ങളില്‍ പാനലിലുള്ളവരെ ജോലിയ്‌ക്കെടുക്കണമെന്ന തരത്തിലുള്ള ക്രമീകരണമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

This post was last modified on March 8, 2019 9:37 pm