X

സംസ്ഥാനത്ത് നിയമം ലംഘിച്ച് 400ലേറെ ദീര്‍ഘദൂര സ്വകാര്യ ബസുകള്‍: കെഎസ്ആര്‍ടിസിക്ക് 20 കോടി നഷ്ടം

കെഎസ്ആര്‍ടിസിയുടെ കുത്തകയായ ദേശസാല്‍കൃത പാതകളിലാണ് ഇവയുടെയും സര്‍വീസ് നടക്കുന്നത്

സംസ്ഥാനത്ത് നിയമം ലംഘിച്ച് ഓടുന്നത് 400ലേറെ ദീര്‍ഘദൂര സ്വകാര്യ ബസുകള്‍. ഈ ബസുകളുടെ അതേ മാതൃകയില്‍ അതേ സംവിധാനങ്ങളും ഉപയോഗിച്ച് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ഇതുമൂലം വന്‍ നഷ്ടമാണ് ഉണ്ടാകുന്നത്. അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ അനധികൃതമായി ഓടുന്നെന്ന് കാണിച്ച് കെഎസ്ആര്‍ടിസി തെളിവുകള്‍ സഹിതം നേരത്തെ തന്നെ മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദേശം 20 കോടി രൂപയുടെ നഷ്ടമാണ് ഈ അനധികൃത സര്‍വീസുകള്‍ മൂലം കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്നത്. കല്ലട ട്രാവല്‍സിന്റെ ബസില്‍ യാത്രക്കാര്‍ക്ക് നേരെ ജീവനക്കാര്‍ നടത്തിയ അക്രമണത്തെ തുടര്‍ന്ന് ഇപ്പോള്‍ അന്തര്‍സംസ്ഥാന ദീര്‍ഘദൂര ബസുകള്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എല്ലാ പ്രധാന നഗരങ്ങളില്‍ നിന്നും തിരുവനന്തപുരത്തേക്ക് അനധികൃതമായി സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കെഎസ്ആര്‍ടിസിയുടെ കുത്തകയായ ദേശസാല്‍കൃത പാതകളിലാണ് ഇവയുടെയും സര്‍വീസ് നടക്കുന്നത്.

പെര്‍മിറ്റ് വ്യവസ്ഥകള്‍ അനുസരിച്ച് ദേശസാല്‍കൃത പാതകളില്‍ അഞ്ച് കിലോമീറ്ററില്‍ കൂടുതല്‍ സ്വകാര്യബസുകള്‍ അനുവദിക്കാറില്ല. എന്നാല്‍ ബുക്കിംഗ് ഓഫീസുകളിലൂടെയും ഓണ്‍ലൈനിലൂടെയും ടിക്കറ്റ് വിറ്റ് സ്വകാര്യബസുകള്‍ ദേശസാല്‍കൃത പാതകളിലൂടെ യാത്രക്കാരെ കയറ്റി സ്റ്റേജ് കാര്യേജ് ആയി ഓടുകയാണെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാരിന് നല്‍കിയ പരാതിയില്‍ പറയുന്നു.

മറ്റു യാത്രാ സൗകര്യമില്ലാത്തതിനാലാണ് സ്വകാര്യബസുകള്‍ക്കെതിരെ നടപടികള്‍ക്കെതിരെ കടുപ്പിക്കുന്നതിനുള്ള തടസ്സം. എന്നാല്‍ സംസ്ഥാനത്തിനുള്ളില്‍ അവശ്യമായ ദീര്‍ഘദൂര ബസുകള്‍ കെഎസ്ആര്‍ടിസിക്കുണ്ട്. ദീര്‍ഘദൂര സര്‍വീസുകളില്‍ നിന്നാണ് കെഎസ്ആര്‍ടിസി വരുമാനമുണ്ടാക്കുന്നത്. സമാന്തര സ്വകാര്യ ബസുകള്‍ വ്യാപകമാകുന്നതോടെ ഇതില്‍ പലതും നഷ്ടത്തിലായിരിക്കുകയാണ്.

കോണ്‍ട്രാക്ട് കാര്യേജ് ബസുകളില്‍ ടൂര്‍ പാക്കേജെന്ന വ്യാജേനയാണ് യാത്രക്കാരെ കൊണ്ടുപോകുന്നത്. സ്‌റ്റോപ്പുകളില്‍ നിന്ന് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുണ്ട്. അനധികൃതമായി ഓടുന്ന ഓരോ ബസുകളുടെയും പേരും ബുക്കിംഗ് എടുക്കുന്ന വെബ്‌സൈറ്റുകളുടെ വിവരങ്ങളും പരാമര്‍ശിച്ച് കെഎസ്ആര്‍ടിസി അധികൃതര്‍ പ്രത്യേക പരാതികളും നല്‍കിയിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതിതന്നെ നിയമലംഘത്തിന്റെ തെളിവാണെന്നാണ് പരാതിയില്‍ പറയുന്നത്. ഈ പരാതിയാണ് മോട്ടോര്‍വാഹന വകുപ്പ് പരിഗണിക്കാതിരുന്നത്.

കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, കല്‍പ്പറ്റ, പട്ടാമ്പി, സുല്‍ത്താന്‍ ബത്തേരി, മൂന്നാര്‍, പാല, കട്ടപ്പന എന്നിവിടങ്ങളിലേക്ക് മറ്റ് നഗരങ്ങളില്‍ നിന്നും ഒട്ടേറെ സ്വകാര്യ കോണ്‍ട്രാക്ട് കാര്യേജുകളാണ് ഓടുന്നത്. ഇതേമാതൃകയിലാണ് സംസ്ഥാനത്തെ നഗരങ്ങളില്‍ നിന്നും തലസ്ഥാനത്തേക്കും തിരിച്ചും സര്‍വീസ് നടത്തുന്നത്.

Related Post
Leave a Comment