X

‘തുഷാറിന് ജാമ്യത്തുക നല്‍കി, ഇനി ഇടപെടില്ല’ വിശദീകരണവുമായി യൂസഫലി; തിരിച്ചുവരാനുള്ള അപേക്ഷ കോടതി തള്ളി

തുഷാറിന്റെ സാമ്പത്തിക ബാധ്യതകള്‍ സ്വദേശി പൗരന് ഏറ്റെടുക്കാന്‍ കഴിയുമോയെന്ന് അജ്മാന്‍ കോടതിക്ക് ആശങ്ക

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തുക നല്‍കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളൂവെന്നും മറ്റൊരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും പ്രമുഖ വ്യവസായി എം എ യൂസഫലി. ഈ കേസില്‍ തുടര്‍ന്നും ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ യൂസഫലി അറിയിച്ചു. അതേസമയം കേരളത്തിലേക്ക് തിരിച്ചുവരാനുള്ള തുഷാറിന്റെ അപേക്ഷ അജ്മാന്‍ കോടതി ഇന്നലെ തള്ളിയിരിക്കുകയാണ്.

സ്വദേശി പൗരന്റെ പാസ്‌പോര്‍ട്ട് നല്‍കി സ്വന്തം പാസ്‌പോര്‍ട്ടുമായി കേരളത്തിലേക്ക് മടങ്ങാനായിരുന്നു തുഷാറിന്റെ നീക്കം. എന്നാല്‍ തുഷാറിന്റെ സാമ്പത്തിക ബാധ്യതകള്‍ സ്വദേശി പൗരന് ഏറ്റെടുക്കാന്‍ കഴിയുമോ എന്ന ആശങ്കയുള്ളതിനാലാണ് കോടതി അപേക്ഷ തള്ളിയത്. നാട്ടിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് അജ്മാന്‍ പ്രോസിക്യൂട്ടറുടെ നടപടി.

പത്ത് വര്‍ഷം മുമ്പുള്ള ഒരു ഇടപാടിന്റെ ഭാഗമായി ഒമ്പത് ദശലക്ഷം ദിര്‍ഹം(ഏകദേശം ഇരുപത് കോടി രൂപ) തനിക്ക് കിട്ടാനുണ്ടെന്ന് കാണിച്ച് തൃശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ള നല്‍കിയ പരാതിയിലാണ് തുഷാറിനെതിരെ അജ്മാന്‍ പോലീസ് കേസെടുത്തത്. പത്ത് വര്‍ഷം മുമ്പുള്ള ചെക്കാണ് പരാതിയോടൊപ്പം നാസില്‍ പോലീസിന് നല്‍കിയിരിക്കുന്നത്. പരാതി നല്‍കിയ കാര്യം അറിയാതെ ഈമാസം 20ന് യുഎഇയിലെത്തിയ തുഷാറിനെ പോലീസ് അവിടെ ഒരു ഹോട്ടലില്‍ വച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു.

എം എ യൂസഫലിയാണ് തുഷാറിന് വേണ്ടി പണം കെട്ടിവച്ച് അദ്ദേഹത്തെ ജാമ്യത്തിലിറക്കിയത്. അതേസമയം പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ തുഷാറിന് യുഎഇ വിട്ടുപോകാന്‍ അനുമതിയില്ല. ഈ അനുമതിയ്ക്കായാണ് തുഷാര്‍ ഇന്നലെ അപേക്ഷ നല്‍കിയത്. തുഷാറുമായി ബന്ധപ്പെട്ട കേസ് യുഎഇ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും അതില്‍ ബാഹ്യമായ ഒരു ഇടപെടലും സാധിക്കില്ലെന്നും യൂസഫലി പ്രസ്താവനയില്‍ പറഞ്ഞു. വളരെ ശക്തമായ നിയമ സംവിധാനമാണ് യുഎഇയില്‍ നിലനില്‍ക്കുന്നത്. ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യുഎഇയുടെ നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമേ പോകുകയുള്ളൂവെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

This post was last modified on August 29, 2019 7:56 am