ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് സമര്‍പ്പിച്ചു. ജെഡിഎസിലെ ധാരണ അനുസരിച്ച് കെ കൃഷ്ണന്‍കുട്ടി പകരം മന്ത്രിയാകും.
രണ്ട് ദിവസമായി മുഖ്യമന്ത്രി തലസ്ഥാനത്തുണ്ടായിരുന്നില്ല. അതിനാലാണ് രാജിക്കത്ത് കൈമാറാന്‍ വൈകിയത്. നാളെ വൈകിട്ട് ഇടതുമുന്നണി യോഗം വിളിച്ചു ചേര്‍ത്ത് കൃഷ്ണന്‍കുട്ടിയുടെ മന്ത്രിസ്ഥാനത്തിന് അംഗീകാരം നല്‍കും. ഗവര്‍ണറുടെ സൗകര്യം തേടിയ ശേഷം സത്യപ്രതിജ്ഞാ സമയം നിശ്ചയിക്കും. നിലവിലെ സാഹചര്യത്തില്‍ വകുപ്പുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് അറിയുന്നത്. മാത്യു ടി തോമസിന് പകരം കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന ജനതാദള്‍ എസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ കത്ത് ശനിയാഴ്ച മുഖ്യമന്ത്രിക്ക് ലഭിച്ചു.
മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര തീരുമാനങ്ങളില്‍ ഇടപെടാനില്ലെന്ന നിലപാടിലാണ് സിപിഎം. അതുകൊണ്ട് തന്നെ കൃഷ്ണന്‍കുട്ടിയുടെ സ്ഥാനാരോഹണത്തിന് തടസ്സങ്ങളൊന്നുമില്ല.
മാത്യു ടി തോമസ് മടങ്ങുന്നത് അതൃപ്തനായാണ്. കൃഷ്ണന്‍കുട്ടിയ്ക്ക് പകരം സംസ്ഥാന അധ്യക്ഷനാക്കണമെന്ന് മാത്യു ടി തോമസ് പക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും കൃഷ്ണന്‍കുട്ടി പക്ഷം അതിന് വഴങ്ങാനിടയില്ല. നീലലോഹിതദാസന്‍ നാടാരെ അധ്യക്ഷനാക്കാനാണ് അവരുടെ നീക്കം.
Leave a Comment