എഎംഎംഎ വിവാദത്തില്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ചതിന്റെ പേരില്‍ മോഹന്‍ലാല്‍ ആരാധകര്‍ കൊലവിളി നടത്തുകയാണെന്ന് എഐവൈഎഫ്. മോഹന്‍ലാല്‍ എഎംഎംഎയുടെ പ്രസിഡന്റായ ശേഷം ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നാല് നടിമാര്‍ രാജിവച്ചിരുന്നു. അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മഹിളാ കോണ്‍ഗ്രസ്, എഐവൈഎഫ് എന്നീ സംഘടനകള്‍ കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ കോലം കത്തിച്ചത്.
എന്നാല്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇതിന്റെ പേരില്‍ നേതാക്കളെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കുകയും സമൂഹമാധ്യമത്തിലൂടെ അപമാനിക്കുകയും ചെയ്യുകയാണ്. ഫാന്‍സ് അസോസിയേഷന്‍ എന്ന പേരിലുള്ള ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ക്ക് താരങ്ങളുടെ മൗനാനുവാദവും പിന്തുണയുമുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ആര്‍ സജിലാലിന്റെ ഫേസ്ബുക്ക് പേജിലേക്കാണ് മോഹന്‍ലാല്‍ ആരാധകരെന്ന് പറഞ്ഞ് അസഭ്യവര്‍ഷവും ഭീഷണിയും നടത്തിയത്. പിന്നീട് മാസ് റിപ്പോര്‍ട്ടിംഗിലൂടെ സജിലാലിന്റെ പേജ് പൂട്ടിക്കുകയും ചെയ്തു. ഫോണിലും അദ്ദേഹത്തിന് നിരന്തരം ഭീഷണികള്‍ വന്നിരുന്നു. ഡിജിപി ലോക്‌നാഥ് ബഹ്രയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് മഹേഷ് കക്കത്ത് അഴിമുഖത്തോട് വ്യക്തമാക്കി. അമ്മയുടെ നിലപാട് ശരിയല്ലെന്ന് എഐവൈഎഫ് ഇന്നലെ തന്നെ പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കിയതാണ്. ആ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നും മഹേഷ് കക്കത്ത് വ്യക്തമാക്കി.
ഇതിനിടെ മോഹന്‍ലാലിനെ അനുകൂലിച്ച് ആരാധകര്‍ കൊച്ചിയിലും തിരുവനന്തപുരത്തും ഇന്നലെ പ്രകടനം നടത്തി. മോഹന്‍ലാലിനെതിരെ രാഷ്ട്രീയ യുവജന സംഘടനകള്‍ രംഗത്തെത്തിയതിന്റെ മറുപടിയായാണ് ഫാന്‍സ് അസോസിയേഷന്‍ പ്രകടനം നടത്തിയത്. എറണാകുളം സവിത തിയറ്ററിന് മുന്നില്‍ നിന്നും മോഹന്‍ലാലിന്റെ പോസ്റ്ററുകളും ഫ്‌ളക്‌സുകളുമായാണ് പ്രകടനം ആരംഭിച്ചത്. മമ്മൂട്ടി ഫാന്‍സുകാരും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നെന്ന് ലാല്‍ ഫാന്‍സ് അവകാശപ്പെട്ടു. മോഹന്‍ലാലിനെ ക്രൂശിക്കുന്നുവെന്ന് ആരോപിച്ച് ആരാധകര്‍ തിരുവനന്തപുരത്ത് നടത്തിയ പ്രകടനത്തിലും ഒട്ടനവധി പേര്‍ പങ്കെടുത്തു.
This post was last modified on June 30, 2018 11:25 am
Leave a Comment