X

വാതിലില്‍ മുട്ടാതെ വീട്ടിലേക്ക് പ്രവേശിച്ചു; വയോധികനെക്കൊണ്ട് തുപ്പല്‍ നക്കിച്ച് നാട്ടുപ്രമാണി

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വന്തം മണ്ഡലത്തിലാണ് സംഭവം നടന്നത്

ഗ്രാമത്തലവന്റെ വീട്ടില്‍ വാതിലില്‍ മുട്ടാതെ പ്രവേശിച്ചെന്ന് ആരോപിച്ച് വയോധികന് കൊടുത്തത് പ്രാകൃത ശിക്ഷ. ക്രൂരമായ മര്‍ദ്ദനമേറ്റ് തറയില്‍ തുപ്പിയപ്പോള്‍ ആ തുപ്പല്‍ നക്കിയെടുപ്പിക്കുകയും ചെയ്തുവെന്നാണ് വാര്‍ത്ത. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മണ്ഡലമായ നളന്ദയിലെ അസദ്പുര്‍ ഗ്രാമത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ഗ്രാമത്തിലെ പ്രമാണിയും പ്രമുഖ കര്‍ഷകനുമായ സുരേന്ദ്ര യാദവ് ആണ് ശിക്ഷ വിധിച്ചത്.

വാതില്‍ മുട്ടാതെ ഗ്രാമത്തലവന്റെ വീട്ടില്‍ പ്രവേശിച്ചെന്ന പേരില്‍ 54കാരനായ മഹേഷ് താക്കൂറിനാണ് പ്രകൃതമായ ശിക്ഷാ വിധി ഏല്‍ക്കേണ്ടി വന്നത്. ഇതിന് പുറമേ സ്ത്രീകളെക്കൊണ്ട് ഇദ്ദേഹത്തെ ചെരുപ്പൂരി അടിപ്പിക്കുകയും ചെയ്തു. എന്‍ഐഎ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ബാര്‍ബര്‍ സമുദായംഗമായ മഹേഷ് താക്കൂര്‍ അജയ്പുര്‍ ഗ്രാമത്തില്‍ ഒരു കട നടത്തുകയാണ്. സര്‍ക്കാര്‍ ഉത്തരവുമായി ബന്ധപ്പെട്ട ഒരു കാര്യം അറിയുന്നതിന് വേണ്ടിയായിരുന്നു ഇയാള്‍ കഴിഞ്ഞ ദിവസം ഗ്രാമത്തലവന്റെ വീട്ടിലെത്തിയത്. എന്നാല്‍ വാതിലില്‍ മുട്ടാതെ വീട്ടിലേക്ക് കയറിയെന്ന് ആരോപിച്ച് പ്രാകൃത ശിക്ഷ നടപ്പാക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ഇത് പുറംലോകം അറിഞ്ഞത്. പോലീസ് അന്വേഷണം ആവശ്യം നിരവധി പേര്‍ രംഗത്തെത്തി. സംഭവത്തെക്കുറിച്ച് നൂര്‍സറായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് നളന്ദ ജില്ലാ മജിസ്‌ട്രേറ്റ് ത്യാഗരാജന്‍ അറിയിച്ചു. സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മഹേഷ് താക്കൂറിനെതിരെ സുരേന്ദ്ര യാദവ് അതിക്രമിച്ച് കയറിയതിനും കേസ് കൊടുത്തിട്ടുണ്ട്. എന്നാല്‍ നിയമം കയ്യിലെടുക്കാനോ ശിക്ഷ വിധിക്കാനോ പഞ്ചായത്തിന് അധികാരമില്ലെന്ന് നളന്ദ എസ്പി എസ്‌കെ പൊടിക അറിയിച്ചു.

This post was last modified on October 20, 2017 6:03 pm

Related Post
Leave a Comment