X

ഓഖി; കേരളം 1843 കോടിയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ടു

അടിയന്തര സഹായമായി 300 കോടി അനുവദിക്കണമെന്നും കേരളം

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ കേരളം കേന്ദ്രസര്‍ക്കാരിനോട് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. 1843 കോടിയുടെ ധനസഹായമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. അടിയന്തരസഹായമായി 300 കോടി അനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രത്യേക പാക്കേജിന്റെ കാര്യം മുന്നോട്ടുവച്ചത്.

ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കേരളം സന്ദര്‍ശിക്കും. മുഖ്യമന്ത്രിയെ ഈ കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചിട്ടുണ്ട്. രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കേന്ദ്ര എജന്‍സികളുടെ ചെലവ് കേന്ദ്രം വഹിക്കണം, വീടില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവച്ചു നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. നാവിക സേനയെ കൂടി ഉള്‍പ്പെടുത്തി തിരച്ചില്‍ 10 ദിവസം കൂടി തുടരുമെന്നും ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ മനുഷ്യസാധ്യമായ എല്ലാം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.