X

ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് രാജ്‌നാഥ് സിംഗ്

നാശനഷ്ടം വിലയിരുത്താനുള്ള കേന്ദ്ര സംഘം ചൊവ്വാഴ്ച കേരളത്തിലെത്തും

ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. നിലവിലെ ചട്ടങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്നും അതീവ ഗുരുതര സാഹചര്യമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനെ കാണുന്നതെന്നും അദ്ദേഹം ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും വീഴ്ച പറ്റിയെന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ട് കെ സി വേണുഗോപാല്‍ ആരോപിച്ചു. സമഗ്ര പുനരധിവാസ പാക്കേജ് സമയബന്ധിതമായി പ്രഖ്യാപിക്കണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. മുന്നറിയിപ്പ് ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്വമില്ലാതെയാണ് കൈകാര്യം ചെയ്തതെന്ന് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹേ കുറ്റപ്പെടുത്തി.

സംസ്ഥാന തീരദേശ പോലീസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വീഴ്ച വരുത്തിയെന്നും ഹേ കുറ്റപ്പെടുത്തി. ഇതോടെ ഇടത് എംപിമാര്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ തോന്നലുണ്ടെന്നും റിച്ചാര്‍ഡ് ഹേ അത് പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ പറഞ്ഞു.

നാശനഷ്ടം വിലയിരുത്താനുള്ള കേന്ദ്ര സംഘം ചൊവ്വാഴ്ച കേരളത്തിലെത്തും. വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച വരെ ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും.