X

കത്വ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

ലൈംഗികാതിക്രമത്തിനു ശേഷം കൊല ചെയ്യപ്പെട്ടവരുടെ പേരും മറ്റ് വിവരങ്ങളും പ്രസിദ്ധീകരിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു

കത്വയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് ഡിലീറ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ചുള്ള പോസ്റ്റാണ് ഡിലീറ്റ് ചെയ്തത്. ഫേസ്ബുക്ക് പേജില്‍ പിന്‍ ചെയ്തു വച്ചിരുന്ന പോസ്റ്റായിരുന്നു ഇത്.

ലൈംഗികാതിക്രമത്തിനു ശേഷം കൊല ചെയ്യപ്പെട്ടവരുടെ പേരും മറ്റ് വിവരങ്ങളും പ്രസിദ്ധീകരിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി നടത്തിയത് നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പരാതിയും നല്‍കി. കേസ് ഒഴിവാക്കാനാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നാണ് നിഗമനം.

മുഖ്യമന്ത്രിയുടെ പോസ്റ്റ് മതവിഷയം ഉയര്‍ത്തിക്കാട്ടിയായിരുന്നുവെന്നും സംഘപരിവാര്‍ സംഘടനകള്‍ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തിനു വര്‍ഗീയ നിറം നല്‍കാനാണ് മുഖ്യമന്ത്രി പേരു വെളിപ്പെടുത്തിയതെന്നും ആരോപണം ഉയര്‍ന്നു. അതിനിടെ കത്വ സംഭവത്തിന് പ്രത്യേക നിറം നല്‍കാന്‍ ശ്രമിച്ചത് അപകടകരമായ പ്രവണതയെന്ന് മുഖ്യമന്ത്രി ഈയിടെ ഒരു വേദിയില്‍ സംസാരിക്കുകയും ചെയ്തു.

അതോടെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഇതൊക്കെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ കാരണമായതെന്നാണ് അറിയുന്നത്.

This post was last modified on April 29, 2018 8:52 am