X

അമിത് ഷായ്ക്ക് വയനാടിനെക്കുറിച്ച് എന്തറിയാമെന്ന് പിണറായി; ഇത് ബ്രിട്ടീഷുകാര്‍ക്കെതിരെ പടനയിച്ച നാട്‌

ചരിത്രം അറിയാന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി

വയനാട് പാകിസ്ഥാനാണെന്ന് പറഞ്ഞ അമിത്ഷായ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിനെതിരായ അമിത് ഷായുടെ പരാമര്‍ശം വിഷം തുപ്പുന്നതാണെന്നും പിണറായി പറഞ്ഞു. വയനാടിന്റെ ചരിത്രം അമിത് ഷായ്ക്ക് അറിയില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ പടനയിച്ച നാടാണ് വയനാട്‌. ചരിത്രം അറിയാന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമിത് ഷായ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. എല്ലാം വര്‍ഗീയമായി കാണുന്നത് ആര്‍എസ്എസിന്റെ രീതിയാണെന്ന് പറഞ്ഞ കോടിയേരി ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വേണ്ട രീതിയില്‍ പ്രതികരിച്ചില്ല എന്ന് കുറ്റപ്പെടുത്തി.

വയനാട്ടില്‍ നടന്ന രാഹുലിന്റെ റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്ന് തിരിച്ചറിയാനാകില്ലെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇത് വിഷം തുപ്പുന്ന വര്‍ഗീയ പരാമര്‍ശമാണെന്ന് പറഞ്ഞ കോടിയേരി ഇതിനെതിരെ അഖിലേന്ത്യ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചില്ല എന്ന് ആരോപിച്ചു.

ആര്‍എസ്എസിന്റെ പ്രചാരണം തടയാന്‍ യുഡിഎഫിന് ആകുന്നില്ലെന്ന് പറഞ്ഞ കോടിയേരി പാകിസ്ഥാന്റെ പതാകയല്ല വയനാട്ടില്‍ ഉപയോഗിച്ചതെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പോലും പ്രതികരിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.

This post was last modified on April 11, 2019 12:14 pm

Related Post
Leave a Comment