X

ഗെയ്ല്‍ പൈപ്പ്‌ലൈന്‍ സമരം: മുക്കത്ത് പ്രതിഷേധത്തിനിടെ പോലീസ് ലാത്തിച്ചാര്‍ജ്ജ്

സമരപ്പന്തല്‍ പൊളിച്ചുനീക്കിയ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഘര്‍ഷമുണ്ടാക്കിയ പത്തുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്

ഗെയ്ല്‍ പൈപ്പ് ലൈനിനെതിരെ കോഴിക്കോട് മുക്കത്ത് നടന്ന പ്രതിഷേധത്തിനിടെ പോലീസും പൈപ്പ്‌ലൈന്‍ വിരുദ്ധ സമിതിയും തമ്മില്‍ ഏറ്റുമുട്ടല്‍. പ്രതിഷേധക്കാര്‍ പോലീസ് വാഹനം എറിഞ്ഞു തകര്‍ത്തതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. സമരപ്പന്തല്‍ പൊളിച്ചുനീക്കിയ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഘര്‍ഷമുണ്ടാക്കിയ പത്തുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ലാത്തിച്ചാര്‍ജ്ജിനെ തുടര്‍ന്ന് മുക്കത്തു നിന്നും ഓടി രക്ഷപ്പെട്ട സമരക്കാര്‍ വലിയപറമ്പിലും പ്രതിഷേധം നടത്തി. ഇവിടെയും പോലീസ് എത്തിയതിനെ തുടര്‍ന്ന് ഒരു വിഭാഗം സമരക്കാര്‍ കല്ലായില്‍ റോഡ് ഉപരോധിച്ചു. ടയര്‍ കൂട്ടിയിട്ട് കത്തിച്ചാണ് റോഡ് ഉപരോധം. കെഎസ്ആര്‍ടിസി ബസുകളും തടയുകയാണ്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിച്ചില്ല. അതേസമയം സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പ്രതിഷേധക്കാരില്‍ എത്രപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല.

ഗെയ്ല്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമെടുക്കുന്നതിലായിരുന്നു സമരക്കാരുടെ എതിര്‍പ്പ്. മാത്രമല്ല, റീസര്‍വേ വേണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. മൂന്ന് മാസമായി സമരം നടക്കുന്നുണ്ടെങ്കിലും സ്ഥലമേറ്റെടുക്കാനായി ഇന്ന് അധികൃതര്‍ എത്തിയതോടെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തിയത്.

This post was last modified on November 1, 2017 5:16 pm