X

കരോള്‍ സംഘത്തിനെതിരായ ആക്രമണം: പരിക്കേറ്റ പെൺകുട്ടികളുമായി യുഡിഎഫ് നടത്തിയ മാർച്ചിൽ സംഘർഷം

സംഭവവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് സിപിഎം പറയുന്നത്

കോട്ടയത്ത് കരോള്‍ സംഘം ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എസ് പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘർഷത്തില്‍ കലാശിച്ചു. ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നേതൃത്വം കൊടുത്ത മാര്‍ച്ചിലാണ് സംഘര്‍ഷം. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് ലാത്തി വീശി.

പത്താംമുട്ടം സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ അഭയം തേടിയ കുടുംബങ്ങള്‍ക്ക് നീതി വേണമെന്നാണ് ഇവരുടെ ആവശ്യം. ആക്രമണത്തില്‍ പരിക്കേറ്റ  പെൺകുട്ടികളും മാര്‍ച്ചില്‍ പങ്കെടുത്തു. സുരക്ഷ ഉറപ്പാക്കിയാല്‍ വീടുകളിലേക്ക് മടങ്ങാമെന്നാണ് കരോള്‍ സംഘം നേരത്തെ അറിയിച്ചിരുന്നത്. ഇതിനിടെ ഡിവൈഎഫ്‌ഐ അക്രമത്തില്‍ പരിക്കേറ്റ് പള്ളിയില്‍ കഴിയുന്നവരെ സബ് കളക്ടര്‍ ഈശ പ്രിയ സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി. കളക്ടര്‍ പി സുധീര്‍ ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു സബ്കളക്ടര്‍ എത്തിയത്.

അക്രമം നടത്തിയവരും പ്രതികളും പുറത്തുള്ള സാഹചര്യത്തില്‍ വീടുകളിലേക്ക് മടങ്ങാനാകില്ലെന്നാണ് കരോള്‍ സംഘം പറഞ്ഞത്. അക്രമികള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് ഇന്നലെ ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി ഇതുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

പള്ളിയില്‍ താമസിക്കുന്ന കുട്ടികളെ കണ്ട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തെളിവെടുപ്പ് നടത്തി. വീടുകളിലേക്ക് പോകുന്നത് വരെ കുട്ടികള്‍ക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കാമെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്തു. ഡിസംബര്‍ 23ന് രാത്രിയാണ് കരോള്‍ സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് ഇരയായ 25 പേര്‍ അന്നു മുതല്‍ വീടുകളില്‍ പോകാതെ കൂമ്പാടി പള്ളിയില്‍ തന്നെ കഴിയുകയാണ്. പ്രദേശത്തെ സംഘര്‍ഷാവസ്ഥ ഇപ്പോഴും മാറിയിട്ടില്ല.

സംഭവവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് സിപിഎം പറയുന്നത്. രണ്ട് കരോള്‍ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഇതിന് പിന്നിലെന്നും ലോക്കല്‍ സെക്രട്ടറി കെ രാധാകൃഷ്ണന്‍ അറിയിച്ചു. മാധ്യമങ്ങളും നേതാക്കളും എത്തുമ്പോള്‍ മാത്രം ഇവര്‍ പള്ളിയില്‍ എത്തുകയും മറ്റുള്ള സമയത്ത് സ്വന്തം വീടുകളില്‍ തങ്ങുകയുമാണ് ചെയ്യുന്നതെന്നും രാധാകൃഷ്ണന്‍ ആരോപിക്കുന്നു.

This post was last modified on January 4, 2019 4:52 pm