X

‘മറ്റ് ചോദ്യങ്ങൾക്ക് ഉത്തരമില്ല’; വയനാടിനെ കുറിച്ച് പ്രതികരിക്കാതെ രാഹുൽ ഗാന്ധി

സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്ന ആരോപണം ബിജെപി കേന്ദ്രങ്ങളില്‍ സജീവമായിട്ടുണ്ട്

 

വയനാട് ലോക്സഭാ സീറ്റിൽ മൽസരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാതെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാവിലെ ചേർന്ന് കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം വയനാട് സംബന്ധിച്ച ചോദ്യങ്ങൾ മറുപടിയില്ലെന്ന് അറിയിക്കുകയായിരുന്നു. മറ്റ് ചോദ്യങ്ങൾക്ക് ഉത്തരമില്ല. അക്കാര്യങ്ങള്‍ പിന്നീട് പറയും. മാധ്യമങ്ങളെ കാണാത്ത വ്യക്തിയല്ലെ താനെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം പ്രതികരിച്ചു.

എന്നാൽ വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണം നിഷേധിക്കാൻ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി രാവിലെ തയ്യാറിയില്ല. പ്രവർത്തക സമിതി യോഗത്തിന് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്കൊപ്പം എത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ രാഹുലിനോട് വയനാട്ടില്‍ മത്സരിക്കുന്നകിനെക്കുറിച്ച് ചോദിച്ചത്. സാധാരണ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയാറുള്ള രാഹുല്‍ വാര്‍ത്ത നിഷേധിക്കാനോ സ്ഥിരീകരിക്കാനോ തയ്യാറാകാതെ ചിരിച്ചുകൊണ്ട് അകത്തേക്ക് പോകുകയായിരുന്നു. ഇതിന് പിറകെയാണ് വാർത്താ സമ്മേളനത്തിലെ പ്രതികരണവും.

അതേസമയം രാഹുല്‍ ഗാന്ധി വരുന്നതിനെ കേരളത്തില്‍ നിന്നുള്ള ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളും സ്വാഗതം ചെയ്യുകയാണ്. പി സി ചാക്കോ മാത്രമാണ് രാഹുല്‍ വരുമെന്ന വാര്‍ത്ത നിഷേധിച്ചത്. രാഹുല്‍ മത്സരിക്കാനെത്തണമെന്ന് സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് എത്തുന്നതില്‍ പൂര്‍ണമായ സന്തോഷവും അറിയിച്ചിട്ടുണ്ട്. വയനാട്ടില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥി പിന്മാറിയെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു. മുമ്പും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇതേ ആവശ്യം രാഹുലിനോട് ഉന്നയിച്ചിട്ടുണ്ട്. അന്ന് ഒരു തമാശയായി ഉന്നയിച്ച ആവശ്യമായിരുന്നെങ്കിലും വളരെ ഗൗരവത്തോടെയാണ് രാഹുല്‍ മറുപടി പറഞ്ഞത്. വയനാട് പ്രധാനപ്പെട്ട സീറ്റാണെന്ന് അറിയാമെങ്കിലും തല്‍ക്കാലം ഉത്തരേന്ത്യയില്‍ നിന്നും ശ്രദ്ധ മാറ്റാനാകില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

അതേസമയം ഇന്ന് നടക്കുന്ന യോഗത്തിലെ പ്രധാന അജണ്ട തെരഞ്ഞെടുപ്പ് പ്രകടന പത്രികയാണ്. ഇതിനിടയില്‍ വയനാട്ടില്‍ മത്സരിക്കുന്ന വിഷയം ആരെങ്കിലും എടുത്തിട്ടാല്‍ മാത്രമാകും ചര്‍ച്ച ചെയ്യുക. രാഹുലിന്റെ തീരുമാനത്തിനായി കേരളം കാത്തിരിക്കുന്ന സാഹചര്യമായതിനാല്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളാരെങ്കിലും ഇത് ഉന്നയിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇന്ന് വൈകുന്നേരത്തോടെ തന്നെ തീരുമാനം അറിയാനാകും. തെക്കേ ഇന്ത്യയില്‍ രാഹുല്‍ മത്സരിക്കുന്നുണ്ടെങ്കില്‍ സാധ്യതയുള്ള ഏകമണ്ഡലമായി വയനാട് മാറിയിട്ടുണ്ട്. രാഹുല്‍ മത്സരിക്കാന്‍ പരിഗണിച്ചിരുന്ന കര്‍ണാടകയിലെ രണ്ട് സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്. ബംഗളൂരു സൗത്തില്‍ ബി കെ ഹരിപ്രസാദും ശിവഗംഗയില്‍ കാര്‍ത്തി ചിദംബരവുമാണ് മത്സരിക്കുന്നത്.

അതേസമയം ഭാവിയില്‍ ഉണ്ടാകാനിടയുള്ള ജനാധിപത്യ മുന്നണിയുടെ സാധ്യതകള്‍ കണക്കിലെടുത്ത് രാഹുല്‍ കേരളത്തില്‍ മത്സരിക്കരുതെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. കേരളത്തിലെ മുഖ്യപോരാട്ടം കോണ്‍ഗ്രസും ഇടതുപക്ഷവും നേരിട്ടായതിനാലാണ് അത്. ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് ബിജെപിക്കെതിരായ പോരാട്ടം ദുര്‍ബലപ്പെടുത്തുമെന്നാണ് ഇവരുടെ നിലപാട്. രാഹുല്‍ വരുമെന്ന് മുമ്പ് ആത്മവിശ്വാസത്തോടെ പറഞ്ഞിരുന്ന പി സി വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കുമെന്ന് ഇപ്പോള്‍ പറയുന്നതും അതിനാലാണ്.

അതേസമയം സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്ന ആരോപണം ബിജെപി കേന്ദ്രങ്ങളില്‍ സജീവമായിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഇക്കാര്യത്തില്‍ പ്രതികരിച്ചത് മറ്റൊരു വിധത്തിലാണ്. ‘അമേഠിയാണ് രാഹുലിന്റെ കര്‍മ ഭൂമി. കെപിസിസിയുടെ ആവശ്യവും രാഹുല്‍ പരിഗണിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

This post was last modified on March 25, 2019 2:27 pm