X

കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാലും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നില്ലെന്ന് ശശി തരൂര്‍

കന്യാകുമാരിയിലെ ദേവീക്ഷേത്രത്തില്‍ പുരുഷന്മാരെ പ്രവേശിപ്പിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും തരൂര്‍

കോണ്‍ഗ്രസ് ലോക്‌സഭയില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയാലും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നില്ലെന്ന് ശശി തരൂര്‍ എംപി. യുപിഎ ഘടകകക്ഷികളില്‍ ഏതിന്റെയെങ്കിലും നേതാവോ കോണ്‍ഗ്രസിലെ തന്നെ മറ്റാരെങ്കിലുമോ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നും തരൂര്‍ പറയുന്നു.

ഇന്ത്യയില്‍ ഇക്കാര്യം നിര്‍ണ്ണയിക്കുന്നത് അമേരിക്കയിലേത് പോലല്ലെന്നും എംപിമാരുടെ എണ്ണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രധാനമന്ത്രി വൈരുദ്ധ്യങ്ങളുടെ നായകന്‍ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നു പറയുകയും അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് പ്രധാനമന്ത്രി. ഭരണഘടനയാണ് വിശുദ്ധ പുസ്തകമെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോള്‍ അതിന് യാതൊരു വിലയും നല്‍കുന്നില്ല. സിബിഐ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ എന്ത് വിലയാണ് നല്‍കുന്നതെന്ന് നാമിപ്പോള്‍ കാണുന്നുണ്ട്.

ഭരണഘടനാ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും അദ്ദേഹം ദുര്‍ബലമാക്കി. രാജ്യത്തിന്റെ നിര്‍ണായക പ്രശ്‌നങ്ങളോട മൗനം പാലിക്കുകയാണ്. മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് മൗനിബാബയാണെന്ന് കളിയാക്കിയ ആളാണ് മോദി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒറ്റ പത്രസമ്മേളനം പോലും നടത്താത്ത ഒരേയൊരു പ്രധാനമന്ത്രി മോദിയാണ്. പ്രധാനമന്ത്രി 59 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതുകൊണ്ട് രാജ്യത്തിന് എന്ത് പ്രയോജനമുണ്ടായെന്ന് കൂടി വ്യക്തമാക്കണം.

ചൈനയും പാകിസ്ഥാനുമായുള്ള ബന്ധം ഏറ്റവും മോശമായത് മോദിയുടെ കാലത്താണ്. ശബരിമലയില്‍ പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിക്കുന്നതിനാലാണ് യുവതീ പ്രവേശനത്തെ അനുകൂലിക്കാത്തതെന്നും തരൂര്‍ പറയുന്നു. കന്യാകുമാരിയിലെ ദേവീക്ഷേത്രത്തില്‍ പുരുഷന്മാരെ പ്രവേശിപ്പിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും തരൂര്‍ പറയുന്നു. ഇതൊന്നും തുല്യതയുടെ വിഷയമല്ലെന്നാണ് തരൂരിന്റെ അഭിപ്രായം.