X

റോഹിങ്ക്യ മുസ്ലിങ്ങള്‍ക്ക് വേണ്ടി ശശി തരൂരിന്റെ മിസ് കോള്‍ കാമ്പെയ്ന്‍

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഏറ്റവും ശക്തമായ നിലപാടെടുത്ത രാഷ്ട്രീയ നേതാവാണ് ശശി തരൂര്‍

റോഹിങ്ക്യ മുസ്ലിങ്ങളെ നാടുകടത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ തിരുവനന്തപുരം എംപി ശശി തരൂരിന്റെ മിസ് കോള്‍ ക്യാമ്പെയ്ന്‍. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തരൂര്‍ നല്‍കിയ പരാതിയ്ക്ക് പിന്തുണ അര്‍പ്പിക്കാന്‍ മിസ് കോള്‍ ഇടാനാണ് പ്രചരണം.

9699221662 എന്ന നമ്പരിലേക്ക് മിസ് കോള്‍ ഇടാനാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം. ഇത്തരത്തില്‍ മിസ് കോള്‍ ഇടുമ്പോള്‍ ആംനസ്റ്റിയില്‍ തരൂര്‍ റോഹിങ്ക്യ മുസ്ലിങ്ങള്‍ക്ക് വേണ്ടി നല്‍കിയിരിക്കുന്ന പരാതിയ്ക്ക് പിന്തുണ ലഭിക്കുകയാണ് ചെയ്യുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഏറ്റവും ശക്തമായ നിലപാടെടുത്ത രാഷ്ട്രീയ നേതാവാണ് ശശി തരൂര്‍.

റോഹിങ്ക്യകള്‍ പൂര്‍ണമായും മുസ്ലിങ്ങളായതുകൊണ്ടാണ് അവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അഭയം കൊടുക്കാത്തതെന്നും വലിയ വിഭാഗം മുസ്ലിങ്ങള്‍ക്ക് അഭയം നല്‍കാനാകില്ലെന്ന നിലപാടാണ് ഇതിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുന്നതെന്നും തരൂര്‍ പറയുന്നു. നേരത്തെ ഹിന്ദുത്വത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവര്‍ ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമായ അതിഥി ദേവോ ഭവ എന്ന മന്ത്രം മറന്നോയെന്നും ദി ക്വിന്റില്‍ എഴുതിയ തരൂര്‍ ചോദിച്ചിരുന്നു.

അതേസമയം ഈമാസം പകുതിയില്‍ സുപ്രിംകോടതിയില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയ സര്‍ക്കാര്‍ അവര്‍ ഭീകരസംഘടനകളുമായി ബന്ധമുണ്ടാക്കുന്നുവെന്നാണ് ആരോപിച്ചത്. അതിനാലാണ് നാല്‍പ്പതിനായിരത്തോളം വരുന്ന റോഹിങ്ക്യകളെ കൂട്ടത്തോടെ നാടുകടത്തുന്നതെന്നും സര്‍ക്കാര്‍ വിശദമാക്കുന്നു.

ഇതിനെതിരെ ഇന്ത്യയിലെ ജനങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഐ സ്റ്റാന്‍ഡ് വിത് റോഹിങ്ക്യ റഫ്യൂജീസ് കാമ്പെയ്ന്‍ ആരംഭിച്ചിരുന്നു.

 

This post was last modified on October 2, 2017 3:59 pm