X

ഗുരുതര ആരോപണങ്ങളുമായി സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍; തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം

ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് സഭയുടെ മുന്നിലെത്തിയിരിക്കുന്നത്.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയസഭയില്‍ സമര്‍പ്പിച്ചു. മാധ്യമങ്ങള്‍ക്ക് തത്സമയ സംപ്രേക്ഷണം അനുവദിച്ചായിരുന്നു സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി അടിയന്തരമായി വിളിച്ചു ചേര്‍ത്ത സഭാ സമ്മേളനമാണ് ഇന്ന് ചേര്‍ന്നത്.

അതേസമയം റിപ്പോര്‍ട്ട് സമര്‍പ്പണം തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചു. സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സോളാര്‍ തട്ടിപ്പ് കേസും അതില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമുഖര്‍ക്കുള്ള ബന്ധവും അന്വേഷിക്കാന്‍ 2013 ഓഗസ്റ്റ് 23നാണ് ജസ്റ്റിസ് ശിവരാജന്‍ അധ്യക്ഷനായുള്ള ജുഡീഷ്യല്‍ കമ്മിഷനെ സര്‍ക്കാര്‍ നിയമിച്ചത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് സഭയുടെ മുന്നിലെത്തിയിരിക്കുന്നത്.

അനധികൃത കയ്യേറ്റം നടത്തിയ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. അതേസമയം പ്രതിപക്ഷത്തിന്റെ ആഗ്രഹ പ്രകാരം ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഭ വിളിച്ചു ചേര്‍ത്തതെന്ന് സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.

ഉമ്മന്‍ ചാണ്ടിയും കൂട്ടരും തെറ്റുകാരാണെന്ന് സോളാര്‍ കമ്മിഷന്റെ കണ്ടെത്തലെന്ന് റിപ്പോര്‍ട്ട് സഭയില്‍ വച്ചശേഷം മുഖ്യമന്ത്രി പറഞ്ഞു. ഉപഭോക്താക്കളെ വഞ്ചിക്കാന്‍ കഴിയും വിധം സരിത നായരെ സഹായിച്ചു. ഉമ്മന്‍ ചാണ്ടിയെ സംരക്ഷിക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചതായും കമ്മിഷന്‍ കണ്ടെത്തിയെന്ന് പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി. സോളാര്‍ കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ലൈംഗികാരോപണത്തില്‍ ക്രിമിനല്‍ അന്വേഷണം നടക്കും. ഇക്കാര്യത്തില്‍ അഴിമതി നിരോധനനിയമം ബാധകമാകുമോ എന്ന് അന്വേഷിക്കും.

നീതി എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാകണം എന്നതാണ് സര്‍ക്കാരിന്റെ നയം. അതിനാലാണ് നിയമോപദേശം ലഭിച്ചശേഷം നടപടിയെടുക്കാന്‍ തീരുമാനിച്ചത്. കോഴവാങ്ങിയതിനെക്കുറിച്ചും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതും അന്വേഷിക്കും. സഭ തുടങ്ങിയപ്പോഴും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയും തോമസ് ചാണ്ടിയുടെ രാജിക്കായി പ്രതിപക്ഷം ബഹളമുയര്‍ത്തി. റിപ്പോര്‍ട്ട് സമര്‍പ്പണത്തിലെ ക്രമപ്രശ്‌നവും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി. അതേസമയം പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിക്കാതെ സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയ്തു

This post was last modified on November 9, 2017 10:10 am