X

സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവച്ചു

അറ്റോണി ജനറല്‍ മുകുള്‍ റോത്താഗി ഇതേ കാരണം ചൂണ്ടിക്കാട്ടി രാജിവച്ച് ഒരുമാസം പിന്നിടുമ്പോഴാണ് രഞ്ജിത്ത് കുമാറിന്റെയും രാജിപ്രഖ്യാപനം

സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവച്ചു. തനിക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്നും തികച്ചും വ്യക്തിപരമാണ് രാജിയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

ഈ വര്‍ഷം ജൂണില്‍ കാലാവധി അവസാനിച്ചെങ്കിലും പ്രത്യേക നടപടിയിലൂടെ അദ്ദേഹത്തെ തുടരാന്‍ സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു. അറ്റോണി ജനറല്‍ മുകുള്‍ റോത്താഗി ഇതേ കാരണം ചൂണ്ടിക്കാട്ടി രാജിവച്ച് ഒരുമാസം പിന്നിടുമ്പോഴാണ് രഞ്ജിത്ത് കുമാറിന്റെയും രാജിപ്രഖ്യാപനം. 2014 ജൂണിലാണ് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ രഞ്ജിത്ത് കുമാര്‍ സോളിസിറ്റര്‍ ജനറലായി നിയമിതനായത്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മോഹന്‍ പരാശരന്‍ സോളിസിറ്റര്‍ ജനറല്‍ പദവി രാജിവച്ചതോടെയാണ് രഞ്ജിത്ത് കുമാര്‍ പദവി ഏറ്റെടുത്തത്.

സോളിസിറ്റര്‍ ജനറല്‍ ആകുന്നതിന് മുമ്പ് ഗുജറാത്ത് സര്‍ക്കാരിന്റെ ഉപദേശകനായും ചില കേസില്‍ സുപ്രിംകോടതിയുടെ അമിക്കസ് ക്യൂരിയായും രഞ്ജിത്ത് കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായത് ഇദ്ദേഹമാണ്.