X

ശ്രീജിവിന്റെ കസ്റ്റഡി മരണം: സിബിഐ നിലപാട് പുനഃപരിശോധിക്കാന്‍ സംസ്ഥാനം ആവശ്യപ്പെടും

ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന്റെ പ്രശ്‌നത്തില്‍ സമരം നടത്തുന്ന സഹോദരന്‍ ശ്രീജിത്തിനോട് അനുഭാവപൂര്‍ണ്ണമായ നിലപാടാണ് സര്‍ക്കാരിനുള്ളത് എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡിമരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാന്‍ പറ്റില്ലെന്ന സിബിഐ നിലപാട് പുന:പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഇത് സംബന്ധിച്ച് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തെഴുതാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.

ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന്റെ പ്രശ്‌നത്തില്‍ സമരം നടത്തുന്ന സഹോദരന്‍ ശ്രീജിത്തിനോട് അനുഭാവപൂര്‍ണ്ണമായ നിലപാടാണ് സര്‍ക്കാരിനുള്ളത് എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കംപ്ലൈന്റ് അതോറിറ്റി നല്‍കിയ റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ശ്രീജിത്തിന്റെ ആവശ്യപ്രകാരം സിബിഐ അന്വേഷണം വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം അത് നിരസിക്കുകയാണ് ചെയ്തത്.

2014 മെയ് 21ന് ആണ് ശ്രീജിത്തിന്റെ സഹോദരന്‍ പോലീസ് കസ്റ്റഡിയില്‍ മരണപ്പെടുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി ഒന്നും സ്വീകരിക്കാതിരുന്നതിനാല്‍ ശ്രീജിത്ത് പോലീസ് കംപ്ലൈന്റ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു. ശ്രീജിത്തിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് കംപ്ലൈന്റ് അതോറിറ്റി 2016 മെയ് 17ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ഉത്തരവ് പരിശോധിക്കുകയും സെപ്തംബര്‍ 3ന് ആഭ്യന്തര വകുപ്പ് ഇതില്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ശ്രീജിവിന്റെ മാതാവിനും സഹോദരന്‍ ശ്രീജിത്തിനുമായി 10 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ഉത്തരവിലെ ഒരു നിര്‍ദ്ദേശം. ഒരു മാസത്തിനകം ഒക്ടോബര്‍ 15 ന് പത്ത് ലക്ഷം രൂപ ആശ്വാസമായി ഇരുവര്‍ക്കും നല്‍കി. ഈ തുക കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാന്‍ പോലീസ് മേധാവിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനുമായിരുന്നു മറ്റൊരു നിര്‍ദ്ദേശം. സംസ്ഥാന പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ആ സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥര്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ കോടതി ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുകയാണ്.

ഇതിനിടയിലാണ് പ്രതികള്‍ക്കെതിരെ കേരള പോലീസ് അന്വേഷണം നടത്തുന്നതില്‍ ആക്ഷേപമുന്നയിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ശ്രീജിത്ത് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കുന്നത്. ശ്രീജിത്തിന്റെ ആവശ്യത്തോട് മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. കേസ് ഏറ്റെടുക്കാനാകില്ലെന്ന മറുപടിയാണ് സിബിഐയില്‍ നിന്നും ലഭിച്ചത്. അപൂര്‍വ്വവും അസാധാരണവുമായ ഒരു കേസായി ഇതിനെ കാണുന്നില്ലെന്നായിരുന്നു സിബിഐയുടെ വിശദീകരണം. ജോലിഭാരമുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരസിക്കുകയാണെന്നും സിബിഐ ചീഫ് സെക്രട്ടറിയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു. ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം 764 ദിവസം പിന്നിടുകയാണ് ഇന്ന്.

 

This post was last modified on July 10, 2019 11:51 am

Related Post
Leave a Comment