X

തേനിയിലെ കാട്ടുതീ: പരിക്കേറ്റവരില്‍ പാലാ സ്വദേശിയും

രക്ഷാപ്രവര്‍ത്തനം അസാധ്യമായിടത്താണ് പലരും കുടുങ്ങിക്കിടന്നത്

കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് വനത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്.

കാട്ടുതീയില്‍ ഇതുവരെയും 12 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ കോട്ടയം പാലാ സ്വദേശിയും ഉള്‍പ്പെടുന്നതായി സ്ഥിരീകരിച്ചു. ചെന്നൈ മലയാളിയായ ബീന ജോര്‍ജ്ജ് ആണ് മരിച്ചത്. അവിടെ ഐടി ഉദ്യോഗസ്ഥയാണ് ഇവര്‍. അതേസമയം മരിച്ചവര്‍ക്കെല്ലാം ഗുരുതരമായ പൊള്ളലാണ് ഏറ്റിരിക്കുന്നതെന്ന് തേനി ഡിവൈഎസ്പി അറിയിച്ചു.

ഇതുവരെയും 27 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ പരിക്കുകളോടെ തേനി മെഡിക്കല്‍ കോളേജ്, ബോഡിനാക്കന്നൂര്‍ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്. വിനോദ സഞ്ചാരത്തിനായി വന്ന 39 പേരടങ്ങുന്ന സംഘമാണ് കാട്ടുതീയില്‍പ്പെട്ടത്. കൊടൈക്കനാല്‍-കൊളുക്കുമല വഴി കൊരങ്ങിണി വനമേഖലയിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. കൊരങ്ങിണിയിലേക്ക് എട്ട് കിലോമീറ്റര്‍ മാത്രമുള്ളപ്പോഴാണ് തീ പടര്‍ന്നത്.

പൊള്ളലേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. 80 ശതമാനം വരെ പൊള്ളലേറ്റവരാണ് കാട്ടില്‍ കുടുങ്ങിയത്. നാവികസേന ഹെലികോപ്ടറുകളുടെയും കോയമ്പത്തൂരില്‍ നിന്നുമെത്തിയ വ്യോമസേന കമാന്‍ഡോകളുടെയും സഹായത്തോടെയാണ് തിരച്ചില്‍. രക്ഷാപ്രവര്‍ത്തനം അസാധ്യമായിടത്താണ് പലരും കുടുങ്ങിക്കിടന്നത്. ഇവരെ വ്യോമസേനയുടെ സഹായത്തോടെ പുറത്തെത്തിക്കാനാണ് ശ്രമിച്ചത്.

 

This post was last modified on March 12, 2018 10:27 am