X

ആ ലോ ക്ലാസിന്റെ ആരോപണത്തില്‍ ഞാന്‍ രാജിവയ്ക്കണോ? ബിജെപി എംഎല്‍എയുടെ ചോദ്യം

ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗിന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു

ബിജെപി എംഎല്‍എയും സഹോദരനും തന്നെ പീഡിപ്പിച്ചെന്ന പരാതിയ ഉയര്‍ത്തുകയും പ്രതികള്‍ക്കെതിരേ പൊലീസ് കേസ് എടുക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്ത 18 കാരിയേയും കുടുംബത്തേയും വീണ്ടും അപമാനിച്ച് ആരോപണവിധേയനായ എംഎല്‍എ കുല്‍ദീപ് സിംഗ്. പെണ്‍കുട്ടിയും കുടുംബവും താഴ്ന്ന വിഭാഗത്തില്‍പ്പെട്ടവരാണെന്നും അവരുടെ ആരോപണത്തില്‍ താന്‍ രാജിവയിക്കില്ലെന്നുമാണ് എംഎല്‍എ പറയുന്നത്. പെണ്‍കുട്ടിയുടെ ആരോപണത്തില്‍ രാജിവയ്ക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് കുല്‍ദീപ് സിംഗിന്റെ അവഹേളനം ഉണ്ടായത്. എന്റെ പേര് പറഞ്ഞ ഉടനെ ഞാന്‍ രാജിവയ്ക്കണോ? ഈ ആരോപണങ്ങള്‍ പൂര്‍ണമായും കളവാണ്. എന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ആ കുടുംബം ശ്രമിക്കുന്നത്. അവര്‍ താഴ്ന്ന വിഭാഗത്തില്‍ പെട്ടവരാണ്. ഒരു വര്‍ഷത്തോളമായി എനിക്കെതിരേ സോഷ്യല്‍ മീഡിയകളിലൂടെ എനിക്കെതിരേ അപവാദപ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്; കുല്‍ദീപ് സിംഗ് പറയുന്നു.

അതേസമയം കുല്‍ദീപ് സിംഗിന്റെ സഹോദരന്‍ അതുല്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് സംഘം അതുലിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വക്താവ് പറഞ്ഞു.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് സുരേന്ദ്ര സിംഗ് എന്ന പപ്പു സിംഗ് പൊലീസ് കസ്റ്റഡയില്‍ ആയിരിക്കെ മരണപ്പെട്ടിരുന്നു. പപ്പു സിംഗിന്റെ മരണത്തിന് അതുലിന് പങ്കുണ്ടെന്ന് ആരോപിച്ച് മരണപ്പെട്ടയാളുടെ ഭാര്യ ആശ സിംഗ് നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. ജയിലില്‍വച്ച് എംഎല്‍എയുടെ സഹോദരന്‍ എന്ന സ്വാധീനം ഉയോഗിച്ച് അതുല്‍ സിംഗും കൂട്ടരും തന്റെ പിതാവിനെ മര്‍ദ്ദിച്ചിരുന്നുവെന്നും മരണകാരണം അതാണെന്ന് പെണ്‍കുട്ടിയും ആരോപിച്ചിരുന്നു.

ഞായറാഴ്ച രാത്രിയോടെയാണ് അമ്പതുകാരനായ പപ്പു സിംഗ് അബോധാവസ്ഥയില്‍ ആകുന്നതും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഇയാള്‍ മരിക്കുകയും ചെയ്തു. ശക്തമായ വയറുവേദനയും ഛര്‍ദ്ദിയും പപ്പു സിംഗിന് ഉണ്ടായിരുന്നതായി ഡോക്ടര്‍ പറഞ്ഞിരുന്നു.

This post was last modified on April 10, 2018 3:55 pm