X

ജേക്കബ് തോമസിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ കറന്റ് ബുക്‌സിനെ ക്രൈംബ്രാഞ്ച് വേട്ടയാടുന്നു: സാറാ ജോസഫ്‌

പുസ്തകം പ്രസിദ്ധീകരിച്ചവരെ പോലും വേട്ടയാടുന്ന സര്‍ക്കാര്‍ നിലപാട് ലജ്ജാകരമാണെന്നും സാറാ ജോസഫ്

സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസിന്റെ ആത്മകഥ പ്രസിദ്ധീകരിച്ച തൃശൂര്‍ കറന്റ് ബുക്‌സ് ഉടമകളെ ക്രൈംബ്രാഞ്ച് വേട്ടയാടുന്നതായി പരാതി. ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തുവിട്ടുവെന്ന് ആരോപിച്ച് ജേക്കബ് തോമസിനെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് പുസ്തക പ്രസാധകരെ വേട്ടയാടുന്നത്.

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പേരില്‍ ഡിജിപി ജേക്കബ് തോമസ് എഴുതിയ ആത്മകഥയാണ് തൃശൂര്‍ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചത്. ഔദ്യോഗിക രഹസ്യങ്ങള്‍ ആത്മകഥയിലൂടെ വെളിപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കേസ്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഇതിനിടെയാണ് ക്രൈംബ്രാഞ്ച് സംഘം തൃശൂരില്‍ എത്തി പുസ്തക പ്രസാധകരുടെ മൊഴിയെടുത്തത്. കറന്റ് ബുക്‌സ് ഓഫീസില്‍ എത്തിയ ക്രൈംബ്രാഞ്ച് സംഘം ജീവനക്കാരുടെ വരെ മൊഴിയെടുത്തിരുന്നു. പുസ്തകം പ്രസിദ്ധീകരിച്ചവരെ പോലും വേട്ടയാടുന്ന സര്‍ക്കാര്‍ നിലപാട് ലജ്ജാകരമാണെന്ന് സാറാ ജോസഫ് പ്രതികരിച്ചു. അധികം വൈകാതെ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ എഴുത്തുകാരുടെ സംഗമം സംഘടിപ്പിക്കും.

പ്രൊഫ.സാറാ ജോസഫ്, ഡോ. കെ. അരവിന്ദാക്ഷന്‍, പെപ്പിന്‍ തോമസ് (കറന്റ് ബുക്സ് തൃശൂര്‍ എം.ഡി), കെ.ജെ. ജോണി (പബ്ലിക്കേഷന്‍ മാനേജര്‍) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. പത്രക്കുറിപ്പിന്റെ പൂര്‍ണ രൂപം.

“ജേക്കബ് തോമസ് ഐ.പി.എസ്. എഴുതിയ ആത്മകഥയായ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന സാഹിത്യകൃതി തൃശൂര്‍ കറന്റ് ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

സര്‍വ്വീസ് ചട്ടലംഘനത്തിന്റെ പേരില്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ എടുത്ത കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, തൃശൂര്‍ കറന്റ് ബുക്‌സിന്റെ ഓഫീസില്‍ പോലീസ് എത്തി അന്വേഷണം നടത്തുകയും രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. മാറ്റര്‍ കംപോസ് ചെയ്തവരുടെയും പ്രൂഫ് വായിച്ചവരുടെയും എഡിറ്ററുടെയും സ്റ്റേറ്റ്‌മെന്റുകള്‍ എടുക്കുകയും, ഓഫീസിലെ കംപ്യൂട്ടര്‍ സര്‍ച്ച് ചെയ്യുകയും ചെയ്തു. അതിനുശേഷം ജൂണ്‍ 15 ന് സി.ആര്‍.പി.സി. 91 പ്രകാരം ജേക്കബ് തോമസുമായി കറന്റ് ബുക്‌സ് നടത്തിയ എല്ലാ കമ്യൂണിക്കേഷന്‍ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് തരുകയും ചെയ്തിരിക്കുന്നു.

ആറ് എഡിഷനുകള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞതാണ് ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം. ആദ്യ എഡിഷന്റെ പ്രകാശനത്തിന് ബഹു.മുഖ്യമന്ത്രി വരാമെന്ന് സമ്മതിച്ച് ചടങ്ങ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുകയും അവസാന നിമിഷം മുഖ്യമന്ത്രി അതില്‍നിന്ന് പിന്മാറുകയുമാണ് ഉണ്ടായത്. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും പ്രകാശനത്തിന് മുന്‍പ് പുസ്തകത്തിന്റെ കോപ്പിയും പ്രകാശന ചടങ്ങിന്റെ ക്ഷണക്കത്തും കൊടുക്കുകയും ചെയ്തിരുന്നു.

സാമൂഹ്യ കലാപത്തിന് വഴിവെക്കുന്നതോ, മതസ്പര്‍ദ്ധ വളര്‍ത്തുന്നതോ ആയ യാതൊന്നും പരാമര്‍ശിക്കപ്പെട്ട പുസ്തകത്തിലില്ല എന്നിരിക്കെ, പുസ്തക പ്രസാധകര്‍ക്കെതിരെയുള്ള പോലീസ് നടപടി പ്രസാധക രംഗത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കൈകടത്തലാണ്. ആശയങ്ങളും വിചാരങ്ങളും നിര്‍ഭയമായി പ്രകാശിപ്പിക്കപ്പെടാനുള്ള അന്തരീക്ഷം ഈ മേഖലയില്‍ ഉണ്ടായേ തീരൂ. പോലീസ് നടപടികള്‍ പ്രസാധകരും എഴുത്തുകാരും തമ്മിലുള്ള സ്വകാര്യതയെയും വ്യക്തിസ്വാതന്ത്ര്യത്തെയും നിഷേധിക്കുന്നതുമാണ്. പുസ്തകപ്രസാധനം പ്രസാധകരുടെ ധര്‍മ്മമാണ്. പുസ്തകം സര്‍വ്വീസ് ചട്ടലംഘനത്തില്‍ പെടുന്ന കാര്യമാണോയെന്ന് പരിശോധിക്കേണ്ടത് പ്രസാധകരല്ല. എഴുത്തുകാരനും സര്‍ക്കാര്‍ വകുപ്പുകളും തമ്മിലുള്ള സാങ്കേതിക കാര്യങ്ങള്‍ മാത്രമാണത്. അതുകൊണ്ട് പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍, ഒരു പ്രസാധക സ്ഥാപനം മാത്രമായ ഞങ്ങള്‍ക്കു നേരെയുള്ള പോലീസ് നടപടികള്‍ അപലപനീയമാണ്. ഞങ്ങള്‍ അതില്‍ പ്രതിഷേധിക്കുന്നു”.

read more:എന്‍കെ പ്രേമചന്ദ്രന്റെ ശബരിമല സ്വകാര്യബില്ലിന് എന്ത് സംഭവിക്കും? സാധ്യതകള്‍ ഇങ്ങനെ

This post was last modified on June 19, 2019 4:11 pm