X

ഷുഹൈബിന്റെ കൊലപാതകം ടി പി മോഡല്‍: പിന്നില്‍ കൊടി സുനിയുമെന്ന് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം പ്രതികള്‍ക്ക് പ്രോത്സാഹനമാണെന്നും ചെന്നിത്തല

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ അതേ മാതൃകയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഷുഹൈബിന്റെ കൊലപാതകത്തിന് മുമ്പ് ടി പി വധക്കേസിലെ കൊടി സുനി ഉള്‍പ്പെടെയുള്ള 19 പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന്റെ രേഖകളും പ്രതിപക്ഷ നേതാവ് ഹാജരാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം പ്രതികള്‍ക്ക് പ്രോത്സാഹനമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയം ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ നടത്തി വന്ന ഉപവാസ സമരം അവസാനിപ്പിച്ചു. ഒരു പ്രതിയെ പോലും പോലീസിന് പിടിക്കാന്‍ സാധിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. സംശയമുള്ളവരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ആരുടെയും അറസ്റ്റ് ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ല.

ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടക്കുന്നുണ്ട്. മട്ടന്നൂരില്‍ വെള്ളംപറമ്പില്‍ നിന്നും കണ്ടെടുത്ത വാള്‍ കൊലപാതകത്തിന് ഉപയോഗിച്ചതാണോയെന്നും പരിശോധിച്ചുവരുന്നുണ്ട്.