X

ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു; അപകട സമയത്ത് മദ്യപിച്ചിരുന്നുവെന്നും ആരോപണം

കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടറായി നിയമിച്ചത്.

സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീര്‍ ആണ് മരിച്ചത്. അമിത വേഗതയില്‍ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനില്‍ വച്ച് ബഷീറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അതേസമയം താനല്ല, സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം പോലീസിനോട് പറഞ്ഞു. ഇത് സ്ഥിരീകരിക്കുന്നതിന് അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ ശ്രീറാമാണ് വാഹനമോടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ശ്രീറാം ഇപ്പോള്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു. മന്ത്രിസഭയുടേതാണ് തീരുമാനം. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുന്‍ ദേവികുളം സബ്ബ് കലക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍.

2004ല്‍ തിരൂര്‍ പ്രാദേശിക റിപ്പോര്‍ട്ടറായി സിറാജില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച കെ എം ബഷീര്‍ പിന്നീട് പത്രത്തിന്റെ മലപ്പുറം ബ്യൂറോയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി. 2006-ലാണ് തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറിയത്. തുടര്‍ന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി നിയമിതനായി. കൊല്ലത്ത് സിറാജിന്റെ പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ബഷീര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചു തെറുപ്പിച്ചത്. തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയാണ് ബഷീര്‍. പിതാവ്:  മുഹമ്മദാജി തങ്ങള്‍. മാതാവ്: തിത്താച്ചുമ്മ. ഭാര്യ: ജസീല. മക്കള്‍: ജന്ന, അസ്മി.

Read Azhimukham: തുല്യ ജോലിക്ക് തുല്യ വേതനം, ആരും നിയന്ത്രിക്കില്ല, രാത്രിയേയും പേടിയില്ല; ഓണ്‍ലൈന്‍ ഭക്ഷണവിതരണ മേഖലയില്‍ സ്ഥാനമുറപ്പിച്ച് കുറച്ചു സ്ത്രീകള്‍

This post was last modified on August 3, 2019 10:38 am

Related Post
Leave a Comment