X

ജനുവരി 22 വരെ കാത്തിരിക്കൂ; യുവതി പ്രവേശനത്തിന് സ്റ്റേ ആവശ്യപ്പെട്ട അഭിഭാഷകനോട് ചീഫ് ജസ്റ്റീസ്

നാഷണല്‍ അയ്യപ്പ ഡിവോട്ടീസ്( വിമന്‍) അസോസിയേഷനു വേണ്ടി അഭിഭാഷകന്‍ മാത്യൂസ് ജെ നെടുമ്പറയാണ് റിവ്യു ഫയല്‍ ചെയ്തത്

ശബരിമലയില്‍ പ്രായഭേദ്യമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നുള്ള ഭരണഘടന ബഞ്ച് വിധിക്കെതിരേ സമര്‍പ്പിച്ച റിട്ട്/ പുനഃപരിശോധന ഹര്‍ജികളും തുറന്ന കോട്ടില്‍ 2019 ജനുവരി 22 ന് പരിഗണിക്കാമെന്ന് സുപ്രിം കോടതി തീരുമാനം അറിയിച്ചത് ചൊവ്വാഴ്ച്ചയാണ്. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കാമെന്ന കോടതി തീരുമാനം യുവതി പ്രവേശന വിധിക്ക് സ്റ്റേ എന്ന നിലയില്‍ പുറത്ത് പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. സെപ്തംബര്‍ 28ന് വന്ന ഭരണഘടനാബഞ്ചിന്റെ വിധിക്ക് സ്‌റ്റേ നല്‍കാതെയായിരുന്നു റിവ്യു ഹര്‍ജികള്‍ പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ്, ജസ്റ്റിസ്സുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ്, എന്നിവരടങ്ങിയ ബെഞ്ചിന്റെ തീരുമാനം. സെപ്തബര്‍ 28 ലെ ഉത്തരവ് സ്റ്റേ ചെയ്യുന്നില്ലെന്നു ഉത്തരവില്‍ വ്യക്തമായി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ബുധനാഴ്ച വീണ്ടും സെപ്തംബര്‍ 21 ലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള റിവ്യു പെറ്റീഷന്‍ സുപ്രിം കോടതിയുടെ മുന്നിലെത്തിയത്. നാഷണല്‍ അയ്യപ്പ ഡിവോട്ടീസ്( വിമന്‍) അസോസിയേഷനു വേണ്ടി അഭിഭാഷകന്‍ മാത്യൂസ് ജെ നെടുമ്പറയാണ് റിവ്യു ഫയല്‍ ചെയ്തത്. എന്നാല്‍ ഈ റിവ്യു തള്ളിക്കൊണ്ട് യുവതി പ്രവേശന വിധി സ്റ്റേ ചെയ്യില്ലെന്നു സുപ്രിം കോടതി വീണ്ടും വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണ് സ്റ്റേ ആവശ്യം തള്ളിയത്. ജനുവരി 22 വരെ കാത്തിരിക്കാനും അന്ന് ഭരണഘടന ബഞ്ച് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കും എന്നും സ്റ്റേ ആവശ്യം തള്ളിക്കൊണ്ട് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അഭിഭാഷകനോട് പറഞ്ഞത്.