X

സാധാരണകാര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കും; മൗനം വെടിഞ്ഞ് ഊര്‍ജിത് പട്ടേല്‍

അഴിമുഖം പ്രതിനിധി

നോട്ട് പിന്‍വലിക്കലിന് ശേഷം ഒരു പ്രതികരണവും നടത്താത്തിരുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ മൗനം വെടിഞ്ഞ് രംഗത്തെത്തി. സാധാരണകാര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുമെന്നും സത്യസന്ധരായ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വേണ്ട നടപടികളും എടുക്കുന്നുണ്ടെന്നും ഊര്‍ജിത് പറഞ്ഞു. നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി ഗൗരവമായി നിരീക്ഷിക്കുകയാണ്. ദിനംപ്രതിയുള്ള സ്ഥിതി വിശേഷങ്ങള്‍ നോക്കിക്കാണുന്നുണ്ടെന്നും ആര്‍ബിഐ ബാങ്കുകളുമായി പ്രതിദിനം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബാങ്ക് ഇടപാടുകള്‍ അധികം വൈകാതെ സാധാരണ നിലയില്‍ ആകും. ആവശ്യത്തിന് നോട്ടുകള്‍ ഇപ്പോള്‍ ലഭ്യമാണ്. നോട്ടുകള്‍ ബാങ്കുകളിലും എടിഎമ്മുകളിലും എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി വരികയാണ്. നോട്ടിന്റെ ക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ രീതിയില്‍ പുതിയ നോട്ടുകളുടെ അച്ചടി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പ്രസ്സുകള്‍ക്ക് റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാറും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാങ്കുകളിലേയും എടിഎമ്മുകളിലേയും ക്യൂ കുറഞ്ഞ് വരുന്നുണ്ടെന്നും നോട്ട് പിന്‍വലിച്ചതിന് ശേഷമുള്ള ബുദ്ധിമുട്ടുകള്‍ ഓരോ ദിനവും കുറഞ്ഞുവരുകയാണെന്നുമാണ് ബാങ്കുകള്‍ നല്‍കുന്ന വിവരമെന്നും ഊര്‍ജിത് പറയുന്നു.

നോട്ടുകള്‍ക്ക് പകരം ഡെബിറ്റ് കാര്‍ഡ്, ഡിജിറ്റര്‍ വാല്ലറ്റ് തുടങ്ങിയ സേവനങ്ങള്‍ സാധാരണ ജനങ്ങളും പ്രയോജനപ്പെടുത്തണം. ഇത് പണമിടപാടുകള്‍ കൂടുതല്‍ എളുപ്പമാക്കന്നതിന് സഹായിക്കും. കൂടാതെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കറന്‍സി നോട്ടുകളുടെ ഉപയോഗം കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിക്ക് ഗുണകരമാകുമെന്നും അറിയിച്ച് ഊര്‍ജിത് പകര്‍ത്താന്‍ സാധിക്കാത്ത വിധത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് പുതിയ 500, 2000 രൂപാ നോട്ടുകളില്‍ ഉള്ളതെന്നും കൂട്ടിച്ചേര്‍ത്തു.

This post was last modified on December 27, 2016 2:14 pm