X

എനിക്കെതിരേ ആരോപണം ഉന്നയിക്കുന്നവര്‍ ആന്റണിയെയും കരുണാകരനെയും അട്ടിമറിച്ചവര്‍; മറുപടിയുമായി വി ഡി സതീശന്‍

അഴിമുഖം പ്രതിനിധി

ആന്റണിയെ രഹസ്യമായും കരുണാകരനെ പരസ്യമായും അട്ടിമറിച്ചവരാണ്‌ ഇപ്പോള്‍ തനിക്കെതിരേ സുവിശേഷം പറയാന്‍ ഇറങ്ങിയിരിക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷിന് മറുപടിയായി വി ഡി സതീശന്‍. പണ്ടേ ഉമ്മന്‍ ചാണ്ടി വിരുദ്ധനായ കൊടുക്കുന്നില്‍ സുരേഷ് ഇപ്പോള്‍ തന്റെ ചെലവില്‍ ഉമ്മന്‍ ചാണ്ടിയെ താഴെയിടാന്‍ നോക്കുകയാണ്. കെ സി ജോസഫ് പറയുന്നു, ഇപ്പോള്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഏറ്റവും അനുകൂലമായ സാഹചര്യമാണെന്ന്. അദ്ദേഹം ഏതു ഗ്രഹത്തിലാണ് ജീവിക്കുന്നത്? ഏതായാലും ഭൂമിയില്‍ ജീവിക്കുന്നവനാകില്ല, കോണ്‍ഗ്രസ് അതിന്റെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് ഇപ്പോഴെന്ന് എല്ലാവര്‍ക്കും മനസ്സിലാകുന്നതല്ലേ? വിമര്‍ശിക്കാന്‍ പ്രായവും പാരമ്പര്യവും ആവിശ്യമില്ല. ഇങ്ങനെ പറയുന്നവര്‍ അവരുടെ ഏതു പ്രായത്തിലാണ് വിമര്‍ശിച്ചിട്ടുള്ളത്.

പണ്ട് ചെയ്തതിന്റെ കുറ്റബോധം ഉള്ളതുകൊണ്ടാണ് ഇപ്പോള്‍ എന്തങ്കിലുമൊക്കെ കേള്‍ക്കുമ്പോള്‍ തങ്ങളെ താഴെയിറക്കാന്‍ വരുന്നതായി ഭയക്കുന്നത്. ഞാന്‍ പറഞ്ഞത് ജനവികാരമാണ്. ഇപ്പോഴുള്ളവര്‍ നശിപ്പിച്ചിട്ടുപോയാല്‍ തന്നെപ്പോലെയുള്ള അടുത്ത തലുമറയ്ക്ക് ഈ പാര്‍ട്ടി സ്വന്തമായി കാണില്ല. നന്നാകാന്‍ വേണ്ടി തന്നെയാണ് പറഞ്ഞത്. ആന്റണിക്കുപോലും കേരളത്തില്‍ അഴിമതിയുണ്ടെന്ന് പറയേണ്ടിവന്നു. നേതൃമാറ്റം വേണമെന്ന് താന്‍ പറഞ്ഞിട്ടില്ല. ആന്റണിയുടെ പ്രസ്താവനയാണ് ഇവരെ ചൊടിപ്പിച്ചത്. ആന്റണിയെ അതിന്റെ പേരില്‍ വിമര്‍ശിക്കാന്‍ ഭയമുള്ളവരാണ് തന്റെ നേരെ വരുന്നത്. അധികാരമോഹമുള്ളയാളാണ് താന്‍, പക്ഷെ അതിനുവേണ്ടി ആരുടെയും കാലു പിടിക്കാനും പോയിട്ടില്ല, മന്ത്രിയാകാന്‍ ഒരു രേഖയും തിരുത്തിയിട്ടുമില്ലെന്നും സതീശന്‍ കൊടിക്കുന്നിലിനെ ഉന്നംവെച്ചു പറഞ്ഞു.

സര്‍ക്കാര്‍ അഴിമതിയുടെ നിഴലിലാണെന്നുമാത്രമാണ് താന്‍ പറഞ്ഞത്. ആ അഭിമുഖം മുഴുവന്‍ കാണാതെയോ, അല്ലെങ്കില്‍ അതു മറച്ചുവെച്ചുകൊണ്ട് മറ്റേതോ ഉദ്ദേശം വച്ചുകൊണ്ടാണ് ഇപ്പോള്‍ ചിലര്‍ രംഗത്തുവന്നിരിക്കുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ചാണ് നില്‍ക്കുതെന്ന് പറയിപ്പിക്കരുതെന്നും വി ഡി സതീശന്‍ മുന്നറിയിപ്പു കൊടുത്തു.

This post was last modified on December 27, 2016 3:10 pm