X

ലണ്ടനില്‍ മുസ്ലീം പള്ളിക്ക് സമീപം ആള്‍ക്കൂട്ടത്തിലേയ്ക്ക് വാഹനം ഇടിച്ചുകയറ്റി: ഒരാള്‍ കൊല്ലപ്പെട്ടു

പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങിയവര്‍ക്കിടയിലേയ്ക്കാണ് വാന്‍ ഇടിച്ചു കയറ്റിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലണ്ടനില്‍ മുസ്ലീം പള്ളിക്ക് സമീപം കാല്‍നട യാത്രക്കാര്‍ക്കിടയിലേയ്ക്ക് അക്രമികള്‍ വാഹനം ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്ക് മോസ്‌കിന് സമീപമാണ് സംഭവം. പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങിയവര്‍ക്കിടയിലേയ്ക്കാണ് വാന്‍ ഇടിച്ചു കയറ്റിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നടന്നത് ഭീകരാക്രമണം ആണെന്ന് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു.

ലണ്ടനില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മാര്‍ച്ച് 22ന് ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപം വെസ്റ്റ് മിനിസ്റ്റര്‍ഡ ബ്രിഡ്ജില്‍ അക്രമി കാല്‍നടയാത്രക്കാര്‍ക്കിടയിലേയ്ക്ക് വാഹനം ഇടിച്ചു കയറ്റിയിരുന്നു. ഈ ആക്രമണത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. മേയ് 22ന് മാഞ്ചസ്റ്ററില്‍ യുഎസ് പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ പരിപാടിക്കിടെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. ജൂണ്‍ മൂന്നിന് ലണ്ടന്‍ ബ്രിഡ്ജ് മേഖലയിലുണ്ടായ ആക്രമണത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്.

തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്ക് വലിയ സ്വാധീനമുള്ള മേഖലയായിരുന്നു ഫിന്‍സ്ബറി പാര്‍ക്ക്. ഇപ്പോള്‍ ഇസ്ലാമിസ്റ്റുകളുടെ സ്വാധീനം ഇവിടെ കുറഞ്ഞിട്ടുണ്ട്. ഇവിടത്തെ ഇമാമായിരുന്ന അബു ഹംസ 2015ല്‍ ന്യൂയോര്‍ക്കില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.

This post was last modified on June 19, 2017 10:16 am