X

വംശീയത; കറുത്ത വര്‍ഗ്ഗക്കാരെ ചിത്രീകരിക്കുന്ന ഫ്രഞ്ച് പാര്‍ലമെന്റിലെ ചുമർചിത്രം പിന്‍വലിക്കണം എന്നാവശ്യം

അടിമത്വനിരോധനത്തെ ഓര്മിപ്പിക്കാനുള്ള ഒരു ചിത്രമായി ഇത് പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ ഗുരുതരമായ രാഷ്ട്രീയ ശരികേടിന്റെ പ്രശ്നമുണ്ടെന്നുമാണ് ഇരുവരും ദി ഗാർഡിയനോട് വ്യക്തമാക്കുന്നത്. 

ഫ്രഞ്ച് പാർലമെന്റിന്റെ ഇടനാഴിയില്‍ 28 വർഷമായി തൂങ്ങിക്കിടക്കുന്ന ഒരു വലിയ ചുമർചിത്രമുണ്ട്. 1794 ലെ ആദ്യ അടിമത്ത നിരോധനത്തെ ഓർമപ്പെടുത്തുന്ന ഒരു കൂറ്റൻ ചിത്രം. കറുത്തവര്‍ഗ്ഗക്കാരന്റെ നൂറ്റാണ്ടുകളായുള്ള അടിമത്തവും അസ്വാതന്ത്ര്യവും വെളിവാക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതും കറുത്തവർഗ്ഗക്കാരെ കൂടുതൽ അപമാനിക്കുമെന്നതുമാണെന്ന നിരീക്ഷണവുമായി വർഷങ്ങൾക്കിപ്പുറം രണ്ട് അക്കാദമിക് പണ്ഡിതര്‍ രംഗത്തെത്തി. ചരിത്രത്തെ മാനിക്കാത്ത ഈ ചിത്രം എത്രയും പെട്ടെന്ന് പാർലമെൻറ്റ് ചുമരിൽ നിന്നും എടുത്തുമാറ്റണമെന്നാണ് ഇരുവരുടെയും ശക്തമായ  ആവിശ്യം. ഇതിനായി ചിത്രത്തെ നിശിതമായി വിമർശിക്കുന്ന ഒരു നിവേദനവും ഇവർ പാർലമെന്റിനു മുൻപിൽ സമർപ്പിച്ചു.

1991 ൽ ഫ്രഞ്ച് കലാകാരൻ ഹെർവ് ഡി റോസയാണ് അടിമത്ത നിരോധനത്തെ പ്രകീർത്തിക്കുന്ന ചിത്രം വരയ്ക്കുന്നത്. എന്നാൽ ചിത്രത്തിൽ അടിമകളായ കറുത്തവർഗ്ഗക്കാരെ തെറ്റായ രീതിയിലാണ് പ്രതിനിധാനം ചെയ്തിരിക്കുന്നതെന്നായിരുന്നു കാർണേജി മെലോൺ സർവകലാശാല പ്രഫസർ മമേ ഫത്തോ നിയാങ്ങിന്റെയും പെൻസിൽവാനിയ സർവകലാശാല അധ്യാപകൻ ജൂലിയൻ സൗദിയയുടെയും വാദം. കുട്ടികൾക്കായുള്ള കോമിക് പുസ്തകങ്ങളിലും കാർട്ടൂണുകളിലും കാണുന്ന തരത്തിൽ കറുത്തവര്‍ഗ്ഗക്കാരായ ആളുകളെ വലിയ ചുണ്ടുള്ളവരായാണ് ഈ ചിത്രത്തിൽ പ്രതിനിധാനം ചെയ്യുന്നതെന്നതാണ് ഇവർക്കുള്ള വിമർശനം.

വലിയ ചുണ്ടുള്ളവരായും ഉരുണ്ട നീലക്കണ്ണുള്ളവരായും ആദിമവിഭാഗങ്ങളെ ഭാവന ചെയ്യുന്നത് പരിഹാസമാണെന്നും വംശീയത തന്നെയാണ് പുറത്തവരുന്നതെന്നുമാണ് ഇവർ ആക്ഷേപിക്കുന്നത്. പാർലമെന്റിലെ ചിത്രത്തിനോടുള്ള കടുത്ത വിയോജിപ്പ് ഇരുവരും ലോബ്സ് മാസികയിൽ എഴുതിയ ഒരു തുറന്ന കത്തിൽ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ തങ്ങൾ, മാനിക്കുന്നുണ്ടെങ്കിലും അടിമത്ത നിരോധനത്തെ ഓര്‍മ്മിപ്പിക്കാനുള്ള ഒരു ചിത്രമായി ഇത് പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ ഗുരുതരമായ രാഷ്ട്രീയ ശരികേടിന്റെ പ്രശ്നമുണ്ടെന്നുമാണ് ഇരുവരും ദി ഗാർഡിയനോട് വ്യക്തമാക്കുന്നത്.

This post was last modified on April 14, 2019 5:08 pm