X

‘മാലാഖ പോലൊരു വേശ്യ’ എരഞ്ഞോളി മൂസയോട് പറഞ്ഞു, “എനിക്ക്ങ്ങളെ ബീടരായ് ജനിക്കണം, ങ്ങളെ പാട്ട് അത്രയ്ക്കിഷ്ടാ..’

അവള്‍ അവളുടെ സാരിയഴിക്കാന്‍ തയ്യാറായാണ് വന്നത്. പക്ഷേ എനിക്കവള്‍ സഹോദരിയായി തോന്നി. അവളെ നഗ്നയാവാന്‍ ഞാന്‍ സമ്മതിച്ചില്ല.

മാപ്പിള പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയുടെ ആത്മകഥനമാണ് ‘ജീവിതം പാടുന്ന ഗ്രാമഫോണ്‍’. താഹ മാടായിയാണ് ഇത് തയ്യാറാക്കിയത്. പച്ചക്കുതിര മാസികയില്‍ ഇത് അച്ചടിച്ചുവന്നപ്പോള്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞതായി പുസ്തകത്തിന്റെ ആമുഖ കുറിപ്പില്‍ താഹാ മാടായി എഴുതുന്നുണ്ട്. “ശരിക്കും ഖല്‍ബില്‍ തൊടുന്ന ജീവിതം!’ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു അധ്യായം ചുവടെ;

സ്ത്രീകള്‍ പൊതുവേ വലിയ മനസുള്ളവരാണ്. ബോംബെ ചുവന്ന തെരുവില്‍ താടിയും മുടിയും നീട്ടി വല്ലാത്ത കോലത്തില്‍ നടക്കുന്ന കാലം. ഒരു മലയാളി വേശ്യയുടെ അരികില്‍ ഞാനെത്തി. ഒരു മംഗലാപുരത്തുകാരനായിരുന്നു ആ സ്ത്രീയെ വിവാഹം ചെയ്തത്. പ്രേമവിവാഹമായിരുന്നു. വിവാഹത്തിനുശേഷം ആശയും പൂതിയും തീര്‍ന്ന ശേഷം ഭര്‍ത്താവ് ഈ സ്ത്രീയെ പലര്‍ക്കായി കാഴ്ചവെച്ചു. അവസാനം വേശ്യകളുടെ പൂന്തോപ്പായ ചുവന്ന തെരുവില്‍ എത്തി. ആ സ്ത്രീക്ക് മുന്‍പി‌ല്‍ പരവശനായി നില്‍ക്കുമ്പോ ഞാനറിയാണ്ട് രണ്ട് വരി മൂളിപ്പോയി.

“പിഞ്ചായ നാള് തൊട്ട്
പഞ്ചാരമാഞ്ചുവട്ടില്
കൊഞ്ചിക്കുഴഞ്ഞ് നമ്മള്
കാത്തിരുന്നില്ലേ…” എന്ന പാട്ട്.

അല്‍പ്പം പിപ്പിരിയായിരുന്നു ഞാന്‍. അതുകേട്ടതും ആ സ്ത്രീ കണ്ണില്‍ വെള്ളം നിറഞ്ഞ് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു നിന്നു.

‘ങ്ങള് മലയാളിയാ?’
ഓള് ചോദിച്ചു:

‘മ്ഉം’, ഞാന്‍ മൂളി
ഓറ് കരച്ചിലിന്റെ വക്കത്തായിരുന്നു.

‘കരയണ്ട’ ഞാന്‍ പറഞ്ഞു. ആ പെണ്ണുങ്ങളെ കണ്ണീര് ഞാന്‍ തുടച്ചു.

ഞങ്ങള്‍ പരസ്പരം മുഖാമുഖം നോക്കിനിന്നു. ആ സ്ത്രീ ജീവിതത്തിന്റെ സങ്കടക്കഥകള്‍ എന്റെ മുന്നില്‍ ഓരോന്നായി വാരി വലിച്ചിട്ടു.

അവള്‍ അവളുടെ സാരിയഴിക്കാന്‍ തയ്യാറായാണ് വന്നത്. പക്ഷേ എനിക്കവള്‍ സഹോദരിയായി തോന്നി. അവളെ നഗ്നയാവാന്‍ ഞാന്‍ സമ്മതിച്ചില്ല.

‘ങ്ങള് നാട്ടിപ്പോണം’
അവള് എന്നോട് പറഞ്ഞു.

‘ങ്ങളെ ഭാര്യയും മക്കളും കാത്തിരിക്കുന്നുണ്ടാവൂലെ? ങ്ങള് ഈ നശിച്ച ബോംബെയ്ന്ന് വേഗം പോണം. ഉമ്മാന്റെ കാല്‍ക്കിഴിലാ സ്വര്‍ഗ്ഗം എന്ന് നിങ്ങളെ മതത്തില്‍ പറഞ്ഞിട്ടില്ലേ. ഉമ്മ എന്ന് പറഞ്ഞാ ആരാ? സ്ത്രീ’

എനിക്ക് ബോധം വരാന്‍ തുടങ്ങി. എന്റെ മനസും പൂസായ തലയും ഉപദേശം കൊണ്ട് കഴുകി വൃത്തിയാക്കി. ആ പെണ്ണുങ്ങളെ കാല്‍ക്കല്‍ ഞാന്‍ വീണു. ‘മാപ്പ്’

ഇപ്പോ ആ പെണ്ണുങ്ങള് എവിടെയായിരിക്കും? എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ആ പെണ്ണുങ്ങള് എന്നെപ്പോലെ എത്രയോ പേരെ കുടുംബത്തിലേക്ക് തിരിച്ചയച്ചിട്ടുണ്ടാവും..

വേശ്യകളുടെ ഉള്ളില്‍ വലിയ നന്മയൊക്കെയുണ്ട്. പലരും കുടുംബത്തില്‍ നിന്നും ചതിക്കപ്പെട്ട് വരുന്നതാണ്. പലരെയും ഭര്‍ത്താക്കന്മാരും കാമുകന്മാരുമാണ് ചതിച്ചത്. അതാ സത്യം.

വേശ്യകള്‍ പലപ്പോഴും എന്നോട് നല്ല വാക്കോതി. പകരം ഞാനവര്‍ക്ക് പാട്ട് കേള്‍പ്പിച്ചു. പാട്ട് കേള്‍ക്കുമ്പോ പലരുടേയും കണ്ണില് വെള്ളം നിറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

‘അടുത്ത ജന്മത്തില്‍’

ഒരു വേശ്യ പറഞ്ഞു:

“എനിക്ക്ങ്ങളെ ബീടരായ് ജനിക്കണം. എനിക്ക് നിങ്ങളെ പാട്ട് അത്രയ്ക്കിഷ്ടാ..’

ഇങ്ങനെയുള്ള അനുഭവങ്ങളും എനിക്കുണ്ടായിട്ടുണ്ട്.
അപ്പോഴൊക്കെ ഞാന്‍ മനസില്‍ മൂളി:

പിഞ്ചായ നാള് തൊട്ട്
പഞ്ചാരമാഞ്ചുവട്ടില്‍…

This post was last modified on May 6, 2019 7:34 pm