X

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വോട്ടര്‍ക്ക് 100 വയസായി

ഹിമാചല്‍ പ്രദേശിലെ കിന്നോര്‍ സ്വദേശിയായ ശ്യാം സരണ്‍ നേഗിയാണ് 1951 ഒക്ടോബറില്‍ ആദ്യമായി വോട്ട് ചെയ്തത്.

സ്വതന്ത്ര ഇന്തയുടെ ചരിത്രത്തിലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട് ചെയ്ത ശ്യാം സരണ്‍ നേഗിക്ക് 100 വയസ് തികഞ്ഞു. ഹിമാചല്‍ പ്രദേശിലെ കിന്നോര്‍ സ്വദേശിയായ ശ്യാം സരണ്‍ നേഗിയാണ് 1951 ഒക്ടോബറില്‍ ആദ്യമായി വോട്ട് ചെയ്തത്. 1951 ഒക്ടോബര്‍ മുതല്‍ 1952 മാര്‍ച്ച് വരെ നീണ്ടതായിരുന്നു ഇന്ത്യയുടെ ആദ്യ പൊതുതിരഞ്ഞെടുപ്പ്. 1917 ജൂലായ് ഒന്നിനാണ് നേഗിയുടെ ജനനം.

ഹിമാചലില്‍ ശൈത്യകാലത്തെ കനത്ത മഞ്ഞ് വീഴ്ച കണക്കിലെടുത്താണ് ഈ മേഖലയില്‍ ആദ്യം തിരഞ്ഞെടുപ്പ് നടത്തിയത്. ആദ്യ വോട്ടിന്റെ ദിവസം ഇപ്പോഴും നല്ല ഓര്‍മയുണ്ടെന്ന് ശ്യാം സരണ്‍ നേഗി പറയുന്നു. ഇതുവരെ നടന്ന 16 ലോക്‌സഭാ തിരഞ്ഞെടുപ്പിലും 12 നിയമസഭാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം വോട്ട് ചെയ്തിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് പറയുന്നു. 2010ല്‍ അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള കിന്നോറിലെത്തി നേഗിയെ ആദരിച്ചിരുന്നു. 2014ല്‍ ഹിമാചല്‍ പ്രദേശ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേഗിയെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചിരുന്നു.

പിറന്നാള്‍ ആഘോഷങ്ങള്‍ കാര്യമായി തന്നെ കല്‍പയിലെ വീട്ടില്‍ വച്ച് നടത്തിയിരുന്നു. ബുദ്ധമത വിശ്വാസിയാണ് അദ്ദേഹം. ഒമ്പത് ലാമമാര്‍ വീട്ടിലെത്തി പ്രാര്‍ത്ഥനകളും മറ്റും സംഘടിപ്പിച്ചിരുന്നു. 96കാരിയായ ഭാര്യ ഹീരാമണിയും ശ്യാംസരണിന് കൂട്ടിനുണ്ട്.

വായനയ്ക്ക്: https://goo.gl/yB7GeC

This post was last modified on July 1, 2017 7:01 pm