X

ബലാത്സംഗമോ ഹണി ട്രാപ്പോ?: എന്തായാലും ബിജെപി എംപി കുടുങ്ങി

താന്‍ മദ്യപിച്ചിരുന്നതായും ഒരു സ്ത്രീയും സംഘവും വീഡിയോ എടുത്ത് തന്നെ ബ്ലാക് മെയില്‍ ചെയ്യുകയായിരുന്നു എന്നുമാണ് പട്ടേല്‍ ഡല്‍ഹി പൊലീസിനോട് പറഞ്ഞത്.

ബലാത്സംഗ ആരോപണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടതോടെ കുടുങ്ങിയിരിക്കുകയാണ് ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപി കെസി പട്ടേല്‍. താന്‍ മദ്യപിച്ചിരുന്നതായും ഒരു സ്ത്രീയും സംഘവും വീഡിയോ എടുത്ത് തന്നെ ബ്ലാക് മെയില്‍ ചെയ്യുകയായിരുന്നു എന്നുമാണ് പട്ടേല്‍ ഡല്‍ഹി പൊലീസിനോട് പറഞ്ഞത്. വീഡിയോയും ചിത്രങ്ങളും പുറത്ത് വിടാതിരിക്കാന്‍ അഞ്ച് കോടി രൂപ തന്നോട് ആവശ്യപ്പെട്ടതായും പട്ടേല്‍ പറയുന്നു. ഗുജറാത്തിലെ വല്‍സദില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് കെസി പട്ടേല്‍.

പരാതിക്കാരിയായ സ്ത്രീ കോടതിയെ സമീപിച്ചത് പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതായി ആരോപിച്ചാണ്. ഡിന്നറിന് ക്ഷണിച്ചത് പ്രകാരമാണ് മാര്‍ച്ച് മൂന്നിന് എംപിയുടെ വീട്ടില്‍ പോയതെന്നും അവിടെ വച്ച് എംപി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. എന്നാല്‍ വ്യാജ ആരോപണമാണെന്ന് പട്ടേല്‍ പറയുന്നു. ഗാസിയാബാദിലെ വീട്ടിലേയ്ക്ക് യുവതി തന്നെ ക്ഷണിക്കുകയായിരുന്നു എന്നും സോഫ്റ്റ് ഡ്രിങ്ക്‌സില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ കലര്‍ത്തി മയക്കുകയും തുടര്‍ന്ന് വീഡിയോ എടുക്കുകയുമായിരുന്നു എന്നാണ് പട്ടേലിന്റെ ആരോപണം.

കേസ് അന്വേഷിക്കാന്‍ ഡല്‍ഹി പൊലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗി്ച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറയുന്നു. മേയ് 12നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. യുവതി നേരത്തെയും ഇത്തരത്തില്‍ എംപിമാര്‍ അടക്കമുള്ളവരെ ഹണി ട്രാപ്പില്‍ പെടുത്തിയ ശേഷം ബ്ലാക്ക് വീഡിയോ എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടുണ്ടെന്ന ആരോപണമുണ്ട്. ഇതും പൊലീസ് അന്വേഷിച്ച് വരികയാണ്.

വായനയ്ക്ക്:
https://goo.gl/DYNF74