X

വെള്ളാപ്പള്ളിയുടെ യാത്ര ഇന്ന് ശംഖുമുഖത്ത് അവസാനിക്കും

അഴിമുഖം പ്രതിനിധി

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കാസര്‍ഗോഡ് നിന്ന് ആരംഭിച്ച സമത്വ മുന്നേറ്റ യാത്ര ഇന്ന് ശംഖുമുഖത്ത് അവസാനിക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് സമാപന സമ്മേളനം നടക്കുന്നത്. ഭാരതീയ ധര്‍മ്മജന സേനയെന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഇന്നുണ്ടാകും. കൊടിയും ചിഹ്നവും ഇന്നത്തെ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. 

കഴിഞ്ഞ മാസം 23-നാണ് യാത്ര ആരംഭിച്ചത്. വെള്ളാപ്പള്ളിയുടെ ജാഥയ്ക്ക് എതിരെ ഭരണ, പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കിയത് മതപരിഗണനവച്ചാണ് എന്ന് ആലുവയില്‍ വച്ച് പ്രസംഗിച്ച വെള്ളാപ്പള്ളിക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ വെള്ളാപ്പള്ളിയെ യാത്രയുടെ സമാപനത്തിന്‌ശേഷം അറസ്റ്റ് ചെയ്യുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

സമാപന സമ്മേളനത്തില്‍ ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ പങ്കെടുക്കില്ല. ഹിന്ദു പാര്‍ട്ടിയായി മാത്രം പുതിയ പാര്‍ട്ടി ഒതുങ്ങുന്നതിനോട് യോജിപ്പില്ലെന്ന് മാധവന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. ദില്ലിയിലേക്ക് പോകുന്നത് കൊണ്ടാണ് സമാപനത്തില്‍ പങ്കെടുക്കാത്തത്. പുതിയ പാര്‍ട്ടി രൂപീകരണത്തോട് വ്യക്തിപരമായി യോജിപ്പില്ലെന്നും എങ്കിലും പാര്‍ട്ടി ബിജെപിക്ക് ഒപ്പം നില്‍ക്കണമെന്നുമാണ് ആഗ്രഹമെന്നും മാധവന്‍ നായര്‍ പറഞ്ഞു.

വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിച്ച് ആര്‍എസ്എസ് കാര്യവാഹക് സ്ഥാനം ഏറ്റെടുക്കണമെന്ന് ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

This post was last modified on December 27, 2016 3:25 pm