X

ആർ. ശങ്കറിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്ന് ഒഴിവാക്കിയ നടപടി കേരളത്തോടുള്ള അവഹേളനം; ഉമ്മന്‍ ചാണ്ടി

അഴിമുഖം പ്രതിനിധി

ആർ. ശങ്കറിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ നടപടി കേരളത്തോടുള്ള അവഹേളനമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ കേരളത്തിന്‍റെ മുഖ്യമന്ത്രിയെ ക്ഷണിച്ചതിനു ശേഷം പിന്നീട് പങ്കെടുപ്പിക്കേണ്ട എന്ന് തീരുമാനിച്ചത് കേരളത്തിലെ മുഴുവൻ ജനങ്ങളെയും വേദനിപ്പിക്കുന്ന ഒന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർ. ശങ്കറിനെ പോലെയുള്ള ഒരു നേതാവിന്‍റെ പേരിലുള്ള പരിപാടി സംഘ്പരിവാറിന്‍റെ പരിപാടിയാക്കാൻ നടത്തിയ ശ്രമങ്ങൾക്ക് എതിരെ ഉയർന്ന ശക്തമായ പ്രതികരണങ്ങളിൽ തനിക്ക് സന്തോഷമുണ്ടെന്നും എല്ലാവർക്കും പങ്കെടുക്കുവാൻ കഴിയുന്ന രീതിയിൽ പ്രതിമ അനാച്ഛാദനം നടത്തുന്നതായിരുന്നു അദ്ദേഹത്തിനോടുള്ള ഏറ്റവും വലിയ ആദരവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ആർ. ശങ്കർ മരിക്കുന്നത് വരെ അടിയുറച്ച കോൺഗ്രസുകാരൻ ആയിരുന്നുവെന്നും കെ.പി.സി.സി പ്രസിഡന്‍റ് ആയി നിർണായക ഘട്ടങ്ങളിൽ പാർട്ടിയെ നയിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിൽ കോൺഗ്രസിന്‍റെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്ത നേതാവായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്‍റെ പ്രഗത്ഭനായ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന്‍റെ പ്രതിമ അനാച്ഛാദന പരിപാടിയിൽ പങ്കെടുക്കുവാനുള്ള അവസരം ഒരു ഭാഗ്യമായി താന്‍ കണ്ടിരുന്നുവെന്നും ക്ഷണിച്ചവർ തന്നെ വരണ്ട എന്ന് പറഞ്ഞപ്പോൾ ദുഃഖം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

 

 

 

 

This post was last modified on December 27, 2016 3:32 pm