X

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ബംബി ബക്കറ്റ് ഓപ്പറേഷന്‍/ വീഡിയോ

ബംബി ബക്കറ്റില്‍ ആറു തവണകളായി 15000 ലിറ്ററോളം വെള്ളം ഉപയോഗിച്ചാണ് തീ അണച്ചത്

ബംഗാള്‍ ഉള്‍ക്കടലില്‍ തീപിടിച്ച ചരക്കുകപ്പല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ബംബി ബക്കറ്റ് ഓപ്പറേഷനിലൂടെ അണച്ചു. ‘എംവി എസ്.എസ്.എല്‍ കൊല്‍ക്കത്ത’ എന്ന കണ്ടെയ്‌നര്‍ കപ്പലിന് തീപിടിച്ചത് ജൂണ്‍ 14 രാത്രിയായിരുന്നു. ഹാല്‍ദിയ തുറമുഖത്തുനിന്ന് 55 നോട്ടിക്കല്‍ മൈല്‍ അകലെ സുന്ദര്‍ബന്‍ മേഖലയ്ക്കടുത്തായിരുന്നു അപകടം നടന്നത്.

ബുധനാഴ്ച രാത്രി കപ്പലില്‍ നിന്നുള്ള അപായസന്ദേശം എത്തിയപ്പോള്‍ തന്നെ കോസ്റ്റ് ഗാര്‍ഡ് കപ്പലായ രാജ്കിരണും ഒരു ഡോര്‍ണിയര്‍ വിമാനവും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച എട്ടരയോടെ കപ്പലിനടുത്തെത്തിയ സേനാംഗങ്ങള്‍ കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെയും രക്ഷിച്ചു കരയ്‌ക്കെത്തിച്ചു. കൃഷ്ണപട്ടണത്തുനിന്ന് 464 കണ്ടെയ്‌നറുകളുമായി കൊല്‍ക്കത്തയ്ക്കു പോകുകയായിരുന്നു കപ്പല്‍ 70 ശതമാനത്തിലേറെ കത്തിയമര്‍ന്നു.


കപ്പലിലെ മുഴുവന്‍ ജീവനക്കാരെയും രക്ഷിക്കാന്‍ സാധിച്ചെങ്കിലും കപ്പലിലെ തീ നിയന്ത്രണ വിധയാമാക്കുവാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ബംബി ബക്കറ്റ് ഓപ്പറേഷനൊടുവിലാണ് തീ അണച്ചത്. ഞായറാഴ്ച മുതലായിരുന്നു വ്യോമസേനയുടെ ‘എം ഐ-17’ വി5 ഹെലിക്കോപ്റ്റര്‍ ബംബി ബക്കറ്റ് ഓപ്പറേഷനായി രംഗത്തെത്തിയത്.

ബംബി ബക്കറ്റില്‍ ആറു തവണകളായി 15000 ലിറ്ററോളം വെള്ളം ഉപയോഗിച്ചാണ് തീ അണച്ചത്. ചെറിയ സമയത്തിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കുവാന്‍ സഹായിച്ചത് മിഷന്‍ നയിച്ച വിംഗ് കമാന്‍ഡാന്‍ നിഖില്‍ മല്‍ഹോത്രയുടെയും ഫ്‌ളൈറ്റ് ലെഫ്. അതുല്‍ മിശ്രയുടെയും ഇടപെടലുകളായിരുന്നു.

 

(*video & Photos- Press release from the Defence Wing of the Government of India)

This post was last modified on June 19, 2018 6:36 pm