X

സിനിമയുടെ വ്യാജപതിപ്പ് കാണുന്നതു കുറ്റമല്ലെന്നു കോടതി

അഴിമുഖം പ്രതിനിധി

സിനിമയുടെ വ്യാജപതിപ്പുകള്‍ ഓണ്‍ലൈനില്‍ കാണുന്നതു പകര്‍പ്പവകാശ നിയമം അനുസരിച്ചു കുറ്റകരമായി കാണാനാകില്ലെന്നു ബോംബെ ഹൈക്കോടതി. വ്യാജപതിപ്പ് ഉണ്ടാക്കുന്നതും പ്രദര്‍ശിപ്പിക്കുയും വില്‍ക്കുകയോ വാടകയ്ക്കു നല്‍കുകയോ ചെയ്യുന്നതാണ് കുറ്റകരമായതെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു. ഡിഷൂം എന്ന സിനിമയുടെ നിര്‍മാതക്കള്‍ ചിത്രത്തിന്റെ വ്യാജപകര്‍പ്പ് ഇറങ്ങിയതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് ഗൗതം പട്ടേല്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. 

സിനിമയുടെ പകര്‍പ്പുണ്ടാക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും, ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്ന വാചകം പിന്‍വലിച്ച് പകരമായി കൂടുതല്‍ വ്യക്തമായി ഇത്തരം വ്യാജപതിപ്പുകള്‍ ഉള്‍പ്പെടുന്ന യു.ആര്‍.എല്‍ തന്നെ ബ്ലോക്ക് ചെയ്യും എന്ന വാചകം ചേര്‍ക്കണമെന്നാണു കോടതി ആവശ്യപ്പെട്ടത്. ബ്ലോക്ക് ചെയ്ത സൈറ്റുകളില്‍ നല്‍കുന്ന എറര്‍ സന്ദേശത്തില്‍ ഏതൊക്കെ നിയമം അനുസരിച്ച് വ്യാജന്‍ ഇറക്കുന്നതു കുറ്റകരമാണെന്നും അതിനുള്ള ശിക്ഷയുടെ വിശദാംശങ്ങളും ചേര്‍ക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു.

വ്യാജനെതിരെയുള്ള പരാതികള്‍ പരിശോധിക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നോഡല്‍ ഓഫിസര്‍മാരെ നിയമിക്കണം. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പരാതി രേഖപ്പെടുത്താന്‍ ഈമെയ്ല്‍ വിലാസവും ഉണ്ടാക്കണം. ഇതിലേക്ക് അയക്കുന്ന പരാതികള്‍ രണ്ടു പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിക്കുന്നു.

This post was last modified on December 27, 2016 2:29 pm