X

പുതിയ പിഎഫ് ചട്ടങ്ങളെ ചൊല്ലി ബംഗളുരുവില്‍ പ്രതിഷേധവും അക്രമങ്ങളും

അഴിമുഖം പ്രതിനിധി

പിഎഫ് തുക പിന്‍വലിക്കുന്നതിനുള്ള പുതിയ ചട്ടങ്ങള്‍ക്ക് എതിരെയുള്ള പ്രതിഷേധം ബംഗളുരുവില്‍ അക്രമങ്ങളില്‍ കലാശിച്ചു. വാഹനങ്ങള്‍ക്ക് തീവയ്ക്കുകയും കല്ലേറുണ്ടാകുകയും ചെയ്തു. പുതിയ ചട്ടങ്ങള്‍ പിന്‍വലിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇവര്‍ക്കൊപ്പം സര്‍ക്കാര്‍ ജീവനക്കാരും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

തുക പിന്‍വലിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പുതിയ ചട്ടങ്ങള്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നടപ്പിലാക്കുന്നത് മൂന്ന് മാസത്തേക്ക് നിര്‍ത്തിവച്ചു.

ടെക്‌സ്റ്റൈല്‍ വ്യാവസായത്തിലെ തൊഴിലാളികളുടെ പ്രതിഷേധത്തില്‍ അഞ്ച് ബസുകള്‍ക്ക് തീവയ്ക്കുകയും ഹൈവേ ഉപരോധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മൂന്നു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. നഗരത്തിലെ ഹോസുര്‍ റോഡ്, തുംകൂര്‍ റോഡ്, ജലഹള്ളി എന്നിവിടങ്ങളിലാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

പ്രതിഷേധക്കാര്‍ വളഞ്ഞതിനെ തുടര്‍ന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആകാശത്തേക്ക് വെടിവച്ചതായി ആരോപണം ഉയര്‍ന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ലാത്തി ചാര്‍ജ്ജ് നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് കൂടുതല്‍ സേനയെ ആവശ്യപ്പെടുകയും ചെയ്തു.

ഇന്നലെ പ്രതിഷേധക്കാര്‍ മൈസുരു-ബംഗളുരു പാതയില്‍ ഉപരോധം ഏര്‍പ്പെടുത്തയിനെ തുടര്‍ന്ന് പത്ത് മണിക്കൂറിലധികം നേരം ആയിരക്കണക്കിന് വാഹനങ്ങളാണ് കുടുങ്ങിക്കിടന്നത്.

അഞ്ചു ലക്ഷം പേരാണ് നഗരത്തിലെ നൂറു കണക്കിന് ടെക്‌സ്റ്റൈല്‍ യൂണിറ്റുകളില്‍ ജോലി ചെയ്യുന്നത്.

58 വയസ്സിന് മുമ്പ് പിഎഫ് തുകയുടെ ഒരു ഭാഗം മാത്രമേ പിന്‍വലിക്കാനാകൂ എന്നും തൊഴിലുടമയുടെ പങ്ക് 58 വയസ്സിനു ശേഖമേ ലഭിക്കുകയുള്ളൂവെന്നും പുതിയ ചട്ടങ്ങളില്‍ പറയുന്നു. ഇതാണ് തൊഴിലാളികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

This post was last modified on December 27, 2016 4:04 pm

Related Post
Leave a Comment