X

ഓയോക്കെതിരെ കടുത്ത നീക്കവുമായി ഹോട്ടലുടമ സംഘടന; സമാന്തര ഓൺലൈൻ പോർട്ടൽ തുടങ്ങും

ഓയോ അധികൃതര്‍ സമരക്കാരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച മുതല്‍ തങ്ങളുടെ മിനിമം നിരക്കിനേ റൂമുകള്‍ അനുവദിക്കൂ എന്നും അസോസിയേഷൻ ഭാരവാഹികള്‍

ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് രംഗത്തെ ഭീമനായ ഓയോക്ക് സമാന്തരമായി ബുക്കിംഗ് പോർട്ടൽ ആരംഭിക്കുമെന്ന് കേരളാ ഹോട്ടൽ ആൻറ് റസ്റ്റോറ്റോറന്റ് അസോസിയേഷൻ സെക്രട്ടറി ടി.ജെ മനോഹരൻ പറഞ്ഞു. ഓയോക്കെതിരെ ഇടപ്പള്ളിയിലെ ഓഫീസിന് മുന്നിൽ ചെറുകിട ഹോട്ടലുടമകൾ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യം വലിയ ഓഫറുകൾ തന്ന് കരാറൊപ്പിട്ട ഓയോ പിന്നീട് ഹോട്ടലുകളുടെ വയറ്റത്തടിക്കുകയാണ്. ചെറുകിട ഹോട്ടലുടമകളുടെ ഉപജീവനത്തെ ആണ് ഓയോ തകർക്കുന്നത്. ഇതിനെ ക്രിയാത്മമകമായി നേരിടാനാണ് സമാന്തര പോർട്ടൽ കൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിൽ ഓയോ ഹോട്ടലുകളിൽ നിന്ന് ഈടാക്കുന്ന കമ്മീഷൻ ഒഴിവാക്കിയാൽ തന്നെ ഉപഭോക്താക്കൾക്ക് താങ്ങാവുന്ന നിരക്കിന് റൂമുകൾ വിൽക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പത്തടിപ്പാലം മെട്രോ സ്‌റ്റേഷന് മുന്നിൽ നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനത്തിൽ നൂറോളം ഹോട്ടലുടമകൾ പങ്കെടുത്തു.

നിരവധി ഹോട്ടലുടമകൾ ഓയോയുമായുള്ള കരാറിൽ നിന്ന് പിൻവാങ്ങാനുള്ള കത്തുമായാണ് വന്നത്. എന്നാൽ കത്ത് സ്വീകരിക്കാൻ ഓയോ അധികൃതർ തയ്യാറായില്ല. പ്രതികാര നടപടിയായി  സമരത്തില്‍ പങ്കെടുത്ത ഹോട്ടലുകളെ ഓയോ സൈറ്റില്‍ നിന്ന് നീക്കം ചെയ്തു.

ശേഷം പ്രതിഷേധക്കാർ ഓയോ ടാബുകൾ പ്രതീകാത്മകമായി തകർത്തു. ഓയോ അധികൃതര്‍ സമരക്കാരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച മുതല്‍ തങ്ങളുടെ മിനിമം നിരക്കിനേ റൂമുകള്‍ അനുവദിക്കൂ എന്നും അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു.  കെഎച്ച്.ആർ.എ പ്രസിഡന്റ് അസീസ് മുസ യോഗത്തിൽ അദ്ധ്യക്ഷനായി. സമര സമിതി ചെയർമാൻ മുഹമ്മദ് റമീസ്, യൂത്ത് കോൺഗ്രസ് നേതാവ് ഷിയാസ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ ഏരിയാ പ്രസിഡന്റ് അലിയാർ നന്ദി പറഞ്ഞു.

Read More: വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ദളിത് മുസ്ലിം ഐക്യമില്ല, പകരം ദളിത് വിരുദ്ധതയും ഫാസിസവും; കൂടുതല്‍ നേതാക്കള്‍ രാജിവയ്ക്കും

This post was last modified on June 26, 2019 8:03 pm