X

ക്യാമറ മാറ്റിവെച്ച് പരിക്കേറ്റ കുട്ടിയെയും എടുത്ത് ഓടുന്ന സിറിയന്‍ ഫോട്ടോഗ്രാഫറുടെ ഹൃദയഭേദകമായ ചിത്രങ്ങള്‍

കുട്ടികളില്‍ ഒരാളെ രക്ഷിച്ചുകൊണ്ടു വരുന്ന അബ്ദിന്റെ ചിത്രം മറ്റൊരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തുകയായിരുന്നു ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ കുട്ടിയെയും എടുത്ത് ഓടുന്ന സിറിയന്‍ ഫോട്ടോഗ്രാഫറുടെ ഹൃദയഭേദകമായ ചിത്രങ്ങള്‍

ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചടത്തോളം വിലപ്പെട്ട പല ദൃശ്യങ്ങളും കിട്ടുമായിരുന്നു ആ സമയത്ത്. എന്നിട്ടും അബ്ദ അല്‍-ഖാദര്‍ ഹബാക്ക് തന്റെ ക്യാമറ താഴ്ത്തിവെച്ച് ആ കുട്ടികളെ രക്ഷിക്കാനായി സ്വന്തം ജീവന്‍ പോലും മറന്ന് ഓടുകയായിരുന്നു. അബ്ദ് സിറിയന്‍ ഫോട്ടോഗ്രാഫറാണ്. സിറിയയിലെ യുദ്ധഭൂമികളില്‍ നിന്ന് അബ്ദ് പകര്‍ത്തിയ പല ചിത്രങ്ങളും മാധ്യമങ്ങള്‍ ലോകത്തെ കാണിച്ചു.

ഇന്ന് അബ്ദിനെതന്നെയാണ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ലോകത്തിന് കാണിച്ച് കൊടുക്കുന്നത്. 126-ഓളം ആളുകളുടെ മരണത്തിനിടയാക്കിയ ഒരു ബോംബാക്രമണത്തില്‍ അബ്ദ് ഉള്‍പ്പടെയുള്ള ഫോട്ടോഗ്രാഫര്‍മാര്‍ സാക്ഷിയായി. ഈ ഫോട്ടോഗ്രാഫര്‍മാരില്‍ പലരും ക്യാമറ മാറ്റിവെച്ച് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുകയും ചെയ്തു.

അക്രമത്തില്‍ പെട്ടുപോയ കുട്ടികളെ രക്ഷിക്കാനായിട്ടാണ് അബ്ദ് ഓടിയത്. ധാരാളം കുട്ടികള്‍ക്ക് പരിക്കേറ്റു. ചില കുട്ടികള്‍ മരിച്ചു. കുട്ടികളില്‍ ഒരാളെ രക്ഷിച്ചുകൊണ്ടു വരുന്ന അബ്ദിന്റെ ചിത്രം മറ്റൊരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തി. ആ ചിത്രം ഇന്ന് വൈറലാണ്. കൂട്ടത്തില്‍ താന്‍ രക്ഷിച്ച് കൊണ്ടുവന്ന ഒരു കുട്ടി മരച്ചിരുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുട്ടുകുത്തിയിരുന്ന് കരയുന്ന അബ്ദിന്റെ ചിത്രവും വൈറലായി.

പിന്നീട് ഹൃദയഭേദകമായ ചിത്രങ്ങള്‍ക്ക് കാരണമായ ആ സംഭവത്തെപ്പറ്റി സിഎന്‍എന്‍ ന്യൂസ് ചാനലിനോട് അബ്ദ് പറഞ്ഞത് ‘പരിക്കേറ്റ കുഞ്ഞുങ്ങളുടെ നിലവിളികള്‍ ഭീകരമായിരുന്നു. അതാണ് ഞാനും എന്റെ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാരും ഞങ്ങളുടെ ക്യാമറ മാറ്റിവെച്ച് രക്ഷപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ തീരുമാനിച്ചത്.’ എന്നാണ്‌.

This post was last modified on April 20, 2017 1:56 pm