X

സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുധീരന്‍

സര്‍ക്കാരിന്റെ പോക്ക് നേരായ വഴിക്കല്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. പല കാര്യങ്ങളിലും തിരുത്തലുകള്‍ ആവശ്യമാണെന്നും അദ്ദേഹം കെപിസിസി യോഗത്തില്‍ പറഞ്ഞു. ഇങ്ങനെ പോയാല്‍ ബുദ്ധിമുട്ടുമെന്ന് പറഞ്ഞ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സുധീരനെ പിന്തുണച്ചു. സര്‍ക്കാര്‍ തെരഞ്ഞെടുപ്പു വര്‍ഷത്തിലേക്ക് കടന്നിരിക്കേ നേതൃമാറ്റം വേണമെന്ന ചിന്ത ഒളിഞ്ഞും തെളിഞ്ഞും ശക്തമാകുന്നതിന് ഇടയിലാണ് സുധീരന്റെ വിമര്‍ശനം ഉണ്ടായിരിക്കുന്നത്.

ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണങ്ങളെ അദ്ദേഹം കെപിസിസി യോഗത്തിനുശേഷം നടന്ന മാധ്യമ സമ്മേളനത്തില്‍ നിഷേധച്ചു. വിജിലന്‍സ് ശരിയായ ദിശയില്‍ അന്വേഷണം നടത്തുകയാണെന്നും പ്രതിപക്ഷത്തിനു പോലും കുറ്റം പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനൊടുവില്‍ ആരോപണങ്ങളെ ശരിവയ്ക്കുന്ന വിധത്തില്‍ തെളിവുകള്‍ വന്നാല്‍ പാര്‍ട്ടി ഗൗരവകരമായി കാണും.

യുഡിഎഫ് തീരുമാനിച്ച മേഖലാ ജാഥകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പാര്‍ട്ടികള്‍ വിട്ടു നില്‍ക്കുമെന്ന് കരുതാനാകില്ലെന്ന് കേരള കോണ്‍ഗ്രസ് എമ്മിനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു.

കണ്‍സ്യൂമര്‍ ഫെഡിനെ കുറിച്ചുള്ള പരാതികള്‍ എത്രയും വേഗം പരിഹരിക്കണമെന്നും പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്തണമെന്നും കെപിസിസി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ആളുകളെ നോക്കിയാണ് ഇടതുപക്ഷം അഴിമതിക്കെതിരായ നിലപാട് സ്വീകരിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. ഇടതു മുന്നണി ജയിലിലേക്ക് അയച്ച ബാലകൃഷ്ണപിള്ള നിലപാട് മാറ്റിയപ്പോള്‍ അദ്ദേഹത്തെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു. അവരുടെ കൂടെ ചേരാന്‍ ആരു തയ്യാറായാലും അവര്‍ വിശുദ്ധരാണെന്ന് അദ്ദേഹം ഇടതുപക്ഷത്തെ കളിയാക്കുകയും ചെയ്തു.

കോഴിക്കോട് കോം ട്രസ്റ്റ് ഏറ്റെടുക്കാനുള്ള നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കെപിസിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോംട്രസ്റ്റ് വിഷയത്തില്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന വിഷയം പഠിച്ച് കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ വിഡി സതീശനെ കണ്‍വീനറാക്കി സമിതിയും രൂപീകരിച്ചു.

This post was last modified on December 27, 2016 3:10 pm