X

എതിര്‍ക്കുന്നത് വിഴിഞ്ഞം പദ്ധതിയല്ല അതിന്റെ പിന്നിലെ അഴിമതി; വി എസ് അച്യുതാനന്ദന്‍

അഴിമുഖം പ്രതിനിധി

യുഡിഎഫ് ദുര്‍ഭരണത്തെ അടിച്ചു പുറത്താക്കാന്‍ അരുവിക്കരക്കാര്‍ക്ക് കിട്ടിയ അസുലഭ അവസരമാണ് ഉപതതെരഞ്ഞെടുപ്പ് എന്ന് വി എസ് അച്യുതാനന്ദന്‍. അരുവിക്കരയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം വിജയകുമാറിന് അഭിമാനവിജയം നല്‍കണമെന്നും വി എസ് ജനങ്ങളോട് ആവശ്യപ്പെട്ടു. ഇടതുപക്ഷ മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വി എഎസ്. കോണ്‍ഗ്രസിനും യുഡിഎഫിനും എതിരെ അതിശക്തമായി അഞ്ഞടിച്ചാണ് അരുവിക്കരയില്‍ വി എസ് ആയിരങ്ങളെ സാക്ഷി നിര്‍ത്തി തന്റെ വാക്കുകള്‍ ഉപയോഗിച്ചത്. വന്‍ അവേശമായിരുന്നു വി എസിനെ സ്വീകരിക്കാനും അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാനും അരുവിക്കരയിലെ അണികള്‍ കാണിച്ചത്. അദ്ദേഹത്തിന്റെ ഓരോ വാക്കിനും നിറഞ്ഞ കൈയടിയായിരുന്നു ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്.

ഉമ്മന്‍ ചാണ്ടിക്ക് ആര്‍ത്തിയാണെന്നും അതേ ആര്‍ത്തി തന്നെയാണ് മറ്റുമന്ത്രിമാര്‍ക്കുമെന്നു പറഞ്ഞ വിഎസ് ഇപ്പോള്‍ അവരുടെ ലക്ഷ്യം എങ്ങനെയെങ്കിലും ഒരു വര്‍ഷം കൂടി ഭരണത്തില്‍ കടച്ചുതൂങ്ങിക്കിടന്ന് കിട്ടുന്നിടത്തു നിന്നുകൂടി തുട്ടുവാങ്ങാനാണെന്നും പരിഹസിച്ചു. കമ്യൂണിസ്റ്റ്കാര്‍ ഉറക്കം തൂങ്ങികളാണെന്ന് എ കെ ആന്റണിയുടെ വിമര്‍ശനത്തിനും വി എസ് തക്കതമായ മറുപടി നല്‍കി. ഉറക്കംതൂങ്ങികളും തന്‍കാര്യം നോക്കികളും കോണ്‍ഗ്രസുകാരാണെന്നു പറഞ്ഞ വി എസ് ആന്റണി കേരളത്തിലെത്തിയത് രണ്ടുവിരലും കൊണ്ട് മൂക്കി പൊത്തിയാണെന്നും, ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന്റെ നാറ്റമാണ് കേരളത്തിലെന്നും പരിഹസിക്കുകയും ചെയ്തു.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ ഇടതുപക്ഷം എതിര്‍ക്കുന്നില്ലെന്നും അതിന്റെ പേരില്‍ നടക്കുന്ന അഴിമതിയെ ആണെന്നും വി എസ് പറഞ്ഞു. തുറമുഖ നിര്‍മാണം അദാനിയെ ഏല്‍പ്പിച്ച് നാടിനെ പണയപ്പെടുത്താനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്. പൊതുമേഖലയില്‍ നിര്‍മ്മിക്കാവുന്ന തുറമുഖം സ്വകാര്യ മേഖലയ്ക്ക് കൊടുത്ത് കൊള്ളലാഭമുണ്ടാക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമമെന്നും വി എസ് ആരോപണമുന്നയിച്ചു. കെ വി തോമസിന്റെ വീട്ടില്‍ വച്ച് നടന്നത് രഹസ്യ ചര്‍ച്ചയാണ്. അഴിമതി നടത്താനാണ് അദാനിയുമായി സര്‍ക്കാര്‍ നീക്കുപോക്കുകള്‍ നടത്തിയിരിക്കുന്നത്. അദാനിയുമായി നടത്തിയ ചര്‍ച്ചയുടെ മിനിട്‌സ് പോലും ഉമ്മന്‍ ചാണ്ടി കാണിക്കാത്തത് ഇതുകൊണ്ടാണെന്നും വി എസ് പറഞ്ഞു.

 

This post was last modified on December 27, 2016 3:09 pm