X

കേന്ദ്രകമ്മിറ്റിയില്‍ തുടരണമോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ; വി എസ്

അഴിമുഖം പ്രതിനിധി

കേന്ദ്ര കമ്മിറ്റിയംഗമായി താന്‍ തുടരണോ എന്നു തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്ന് വി എസ് അച്യുതാനന്ദന്‍. സിപിഎമ്മില്‍ ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും പരിഹരിക്കാവുന്ന വിഷയങ്ങളെയുള്ളൂവെന്നും വിശാഖപട്ടണത്ത് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ വി എസ് പറഞ്ഞു. സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്ന് ഏവരെയും ഞെട്ടിച്ച വി എസിന്റെ ഇപ്പോഴത്തെ പ്രസ്താവന ഒരു സമരസപ്പെടലിന്റെ സൂചനയാണ് നല്‍കുന്നത്. പാര്‍ട്ടിക്കനുകൂലമായ രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് ഉടലെടുത്തിരിക്കുന്ന അവസരത്തില്‍ വി എസ് പാര്‍ട്ടിയോട് അടുത്തു നില്‍ക്കുന്നത് എന്തുകൊണ്ടും സിപിഎമ്മിനും ഇടതുപക്ഷത്തിനും ഗുണകരമാണ്. 

അതേസമയം സിപിഎമ്മിന്റെ അടുത്ത ജനറല്‍ സെക്രട്ടറിയാകുമെന്ന് കരുതുന്ന സീതാറാം യെച്ചൂരി, പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ചുമതലയും നിര്‍വഹിക്കാന്‍ താന്‍ തയ്യാറാണെന്നു പറഞ്ഞു. എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ പദവികള്‍ ആഗ്രഹിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് യെച്ചൂരി വരുന്നതിനെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് കേരളഘടകമാണ്. വി എസിന് സപ്പോര്‍ട്ട് ചെയ്യുന്ന യെച്ചൂരി നേതൃസ്ഥാനത്ത് എത്തിയാല്‍ അത് തങ്ങള്‍ക്ക് ക്ഷീണമാകുമെന്ന് സംസ്ഥാനനേതൃത്വം ഭയക്കുന്നുണ്ട്. യെച്ചൂരിക്ക് പകരം എസ്. രാമചന്ദ്രന്‍ പിള്ളയെ സെക്രട്ടിയാക്കണമെന്ന് കേരളത്തിലെ നേതാക്കള്‍ ആവശ്യപ്പെടുന്നതായും വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ ജനറല്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം വിശ്വസനീയമല്ലാത്തതാണെന്ന് എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

നാളെയാണ് ആന്ധ്രയിലെ വിശാഖപട്ടണത്ത് സിപിഎമ്മിന്റെ 21 ആം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമാകുന്നത്.

This post was last modified on December 27, 2016 2:58 pm